ദീപ കർമാകർ വിരമിച്ചു; 2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനം നേടി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ ജിംനാസ്റ്റ്

0

ന്യൂഡൽഹി ∙  2016 റിയോ ഒളിംപിക്സിൽ നാലാം സ്ഥാനം നേടി രാജ്യത്തിന്റെ കായികചരിത്രത്തിൽ ഇടംപിടിച്ച ജിംനാസ്റ്റിക്സ് താരം ദീപ കർമാകർ വിരമിച്ചു. ജിംനാസ്റ്റിക്സിലെ ഏറ്റവും പ്രയാസമേറിയ പ്രൊഡുനോവ വോൾട്ട് വിജയകരമായി അവതരിപ്പിച്ച് കായികലോകത്ത് ശ്രദ്ധേയയായ ദീപയുടെ വിരമിക്കൽ 31–ാം വയസ്സിലാണ്. ‘‘ഓർമ വച്ച കാലം മുതൽ ജിംനാസ്റ്റിക്സ് എന്റെ ജീവിതത്തിലുണ്ട്. നന്നായി ആലോചിച്ചതിനു ശേഷമാണ് ഈ വിരമിക്കൽ. അനായാസമായിരുന്നില്ല ഈ തീരുമാനം. പക്ഷേ ഇതു തന്നെയാണ് ശരിയായ സമയം..’’– ദീപ പറ‌‍ഞ്ഞു.ഒളിംപിക്സിൽ മത്സരിച്ച ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റ് എന്ന ബഹുമതിയോടെ റിയോ ഗെയിംസിൽ പങ്കെടുത്ത ദീപ ഉജ്വല പ്രകടനത്തോടെ നാലാം സ്ഥാനത്തെത്തി.

പ്രൊഡുനോവ വോൾട്ട് ഉൾപ്പെടെ അവതരിപ്പിച്ച് കയ്യടി നേടിയ ദീപയ്ക്കു വെങ്കലം നഷ്ടമായത് വെറും 0.15 പോയിന്റ് വ്യത്യാസത്തിലാണ്. അർജുന, ഖേൽരത്ന പുരസ്കാരങ്ങൾ നേടിയ ദീപയെ രാജ്യം പദ്മശ്രീ ബഹുമതി നൽകിയും ആദരിച്ചു.ത്രിപുരയിലെ അഗർത്തലയിൽ ജനിച്ച ദീപ ആറാം വയസ്സ് മുതൽ ജിംനാസ്റ്റിക്സ് പരിശീലിച്ചു തുടങ്ങി. പരന്ന കാൽപാദങ്ങളായതിനാൽ ലോകോത്തര ജിംനാസ്റ്റ് ആവില്ല എന്നു വിലയിരുത്തിയവരെ അമ്പരപ്പിച്ചായിരുന്നു ദീപയുടെ കുതിപ്പ്. 2014 കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയതോടെ ശ്രദ്ധിക്കപ്പെട്ടു.

അടുത്ത വർഷം ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ദീപ ലോക ചാംപ്യൻഷിപ്പിൽ അഞ്ചാം സ്ഥാനവും നേടി. എന്നാൽ 2016 റിയോ ഒളിംപിക്സിനു ശേഷം പരുക്കുകളും ശസ്ത്രക്രിയയും മൂലം ആ മികവ് തുടരാനായില്ല.2018 ജിംനാസ്റ്റിക്സ് ലോകകപ്പിൽ സ്വർണം നേടി തിരിച്ചുവരവ് നടത്തി. 2021ൽ താഷ്കന്റിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ നേടിയ സ്വർണമാണ് ദീപയുടെ അവസാന രാജ്യാന്തര മെഡൽ. 2021 ഒക്ടോബറിൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ദീപയ്ക്കു 2 വർഷം വിലക്കു ലഭിച്ചു. ആസ്തമയ്ക്കും ചുമയ്ക്കും ഉപയോഗിക്കുന്ന ഹിജനമിൻ എന്ന ഘടകമായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിൽ വിലക്ക് കാലാവധി അവസാനിച്ച ശേഷമാണ് ദീപയുടെ വിരമിക്കൽ പ്രഖ്യാപനം.

∙ ദീപയുടെ പ്രൊഡുനോവ

ജിംനാസ്റ്റിക്സിലെ ഏറ്റവും അപകടം പിടിച്ച അഭ്യാസമാണു പ്രൊഡുനോവ വോൾട്ട്. ദീപ കർമാകർ ഉൾപ്പെടെ ലോകത്താകെ ഇതുവരെ അ‍ഞ്ചുപേർ മാത്രമേ പ്രൊഡുനോവ വോൾട്ട് എന്ന ഈ അഭ്യാസം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളൂ. പ്രൊഡുനോവ വോൾട്ടിനു ശ്രമിച്ച പല ജിംനാസ്റ്റുകൾക്കും ഗുരുതരമായ പരുക്കേറ്റിട്ടുമുണ്ട്. റഷ്യക്കാരി യെലേന പ്രൊഡുനോവയുടെ പേരിലാണ് ഈ വോൾട്ട് അറിയപ്പെടുന്നത്.1999ലെ ലോക ചാംപ്യൻഷിപ്പിലാണു യെലേന ഈ അഭ്യാസം വിജയകരമായി പൂർത്തിയാക്കിയത്. ഓടിയെത്തിയശേഷം വോൾട്ടിനു മുകളിലൂടെ രണ്ടുതവണ കരണംമറിഞ്ഞ് നിലത്ത് രണ്ടുകാലിൽ ലാൻഡ് ചെയ്താൽ പ്രൊഡുനോവയായി. ലാൻഡിങ് പിഴച്ചാൽ കഴുത്തടിച്ചോ നടുവടിച്ചോ വീണ് ഗുരുതര പരുക്കേൽക്കും. ഇതിന്റെ അപകടസാധ്യത കണക്കിലെടുത്ത് യുഎസ് ജിംനാസ്റ്റിക്സ് താരങ്ങളൊന്നും പ്രൊഡുനോവ വോൾട്ടിനു ശ്രമിക്കാറില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *