കശ്മീരിൽ തൂക്കുസഭ?; സ്വതന്ത്രർക്കായി വലവീശി കോൺഗ്രസ്; ഗവർണർ ‘അധികാരം’ കാട്ടിയാൽ നിയമപോരാട്ടം
ശ്രീനഗർ∙ കശ്മീരിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കൾ. 10 സീറ്റുകളിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നതു മുന്നിൽക്കണ്ടാണു നീക്കം. തൂക്കുസഭ അധികാരത്തിലെത്തിയാൽ സ്വതന്ത്രന്മാരുടെ നിലപാടു നിർണായകമാകും. ഇതു മുൻകൂട്ടി കണ്ടാണ് ബിജെപി വലവീശും മുന്നേ കോൺഗ്രസിന്റെ ക്യാംപ് അപ്രതീക്ഷിത നീക്കങ്ങൾ നടത്തുന്നത്.നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ജമ്മു കശ്മീർ ലഫ്.ഗവർണറുടെ അധികാരം വോട്ടെണ്ണലിനു മുന്നോടിയായി വൻ തർക്കത്തിനു കാരണമായിരുന്നു.
ജനഹിതത്തെ അട്ടിമറിച്ചു നേട്ടമുണ്ടാക്കാനാണ് ബിജെപി നീക്കമെന്നാണ് നാഷനൽ കോൺഫറൻസ് (എൻസി) അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചത്. ലഫ്. ഗവർണർ മനോജ് സിൻഹയ്ക്കു പ്രത്യേക അധികാരം നൽകിയത് ബിജെപിയെ സർക്കാർ രൂപീകരണത്തിനു സഹായിക്കാനാണെന്നാണ് പ്രധാന വിമർശനം.ലഫ്. ഗവർണറുടെ നീക്കത്തെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷ പാർട്ടികൾ നാമനിർദേശം നടന്നാൽ സുപ്രീം കോടതിയെ സമീപിക്കും.
അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം നിയമയുദ്ധത്തിൽ കുരുങ്ങും ജമ്മു കശ്മീർ ജനവിധി എന്ന കാര്യത്തിൽ തർക്കമില്ല. രണ്ടു സ്ത്രീകൾ, രണ്ടു കശ്മീരി പണ്ഡിറ്റുകൾ, പാക്ക് അധീന കശ്മീരിൽനിന്ന് നാടുകടത്തപ്പെട്ട ഒരാൾ എന്നിങ്ങനെയാണ് ലഫ്. ഗവർണർക്ക് നാമനിർദേശം ചെയ്യാൻ സാധിക്കുക. ജമ്മു മേഖലയിൽ 43 സീറ്റുകളും കശ്മീർ മേഖലയിൽ 47 സീറ്റുകളും ഉൾപ്പെടെ ആകെ 90 സീറ്റുകളാണ് ജമ്മു കശ്മീരിൽ ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.