ശ്രീനാഥ് ഭാസിക്കും പ്രയാഗയ്ക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ല; മുറിയിൽ എത്തിയത് പാർട്ടിക്ക്, കൂടുതൽ അറസ്റ്റ്?
കൊച്ചി∙ ലഹരിക്കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിൽ പൊലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും ഇയാൾ വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയില്‍ എത്തിയതെന്നുമാണ് പൊലീസ് കരുതുന്നത്. ഓം പ്രകാശ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയതെന്നും പൊലീസ് വിശ്വസിക്കുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇരുവരെയും എത്തിച്ച ബിനു ജോസഫില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.താരങ്ങളുടെ മൊഴിയെടുക്കാനുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കും.
ഇവരെ കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മറ്റുള്ളവരുടെ മൊഴിയും എടുക്കും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഓം പ്രകാശിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇന്നലെ കസ്റ്റഡിയിലെടുത്ത ബിനു ജോസഫിനെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.ഓം പ്രകാശിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ഓം പ്രകാശിന്റെ മുറിയിൽ ഇരുപതോളം പേര്‍ എത്തിയിരുന്നതായാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്.