ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ല; ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഎം
കൊച്ചി∙ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിൽ സിപിഎമ്മിൽ നടപടി. തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി.പി. ചന്ദ്രനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായി. പാർട്ടിക്ക് കളങ്കമുണ്ടാക്കും വിധം പ്രവർത്തിച്ച പ്രവർത്തകർക്കെതിരെയും നടപടിയെടുത്തു.പൂണിത്തുറയിലെ തമ്മിലടിയുടെ പേരിൽ ആറു പേരെയാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുക. ബ്രാഞ്ച് സെക്രട്ടറിമാരായ സൂരജ്, സനീഷ്, ബൈജു എന്നിവരെയുൾപ്പെടെയുള്ളവർക്ക് എതിരെയാണ് നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച ശുപാർശ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.
കടുത്ത വിഭാഗീയത നിലനിൽക്കുന്ന പൂണിത്തുറ ലോക്കൽ കമ്മറ്റിയിലെ കാര്യങ്ങൾക്ക് പരിഹാരമായി ഈ മാസം 11ന് പേട്ടയിൽ രാഷ്ട്രീയ വിശദീകരണ യോഗം ചേരും. സംസ്ഥാനസമിതി നേതാക്കളടക്കം പങ്കെടുക്കും. കടുത്ത നടപടിക്കു പിന്നാലെ വിശദീകരിച്ച് നാണക്കേട് മറയ്ക്കാനാണ് പാർട്ടി നീക്കം.അടിപിടിയുടെ പേരിൽ പ്രവർത്തകരായ ആറു പേർ റിമാൻഡിലാണ്. ഇതിനിടെ പറവൂരിൽ ബ്രാഞ്ച് അംഗം ആത്മഹത്യചെയ്ത കേസിൽ ലോക്കൽ സെക്രട്ടറിയാണ് പ്രതിക്കൂട്ടിൽ. വിഭാഗീയതയുടെ പേരിൽ പൂണിത്തുറ ലോക്കല്‍ കമ്മിറ്റിയില്‍ 11 ബ്രാഞ്ച് സെക്രട്ടറിമാരെയാണ് മാറ്റിയത്.