തുറന്നു പറഞ്ഞ് രോഹിത് ശർമ; ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ജയിപ്പിച്ചത് റിഷഭ് പന്തിന്‍റെ ആ തന്ത്രം

0

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ഇന്ത്യ വിജയം പിടിച്ചെടുത്തത് അവസാന അഞ്ചോവറിലെ ബൗളിംഗിലായിരുന്നു. അവസാന അഞ്ചോവറില്‍ 30 രണ്‍സ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. തകര്‍ത്തടിച്ച് ഹെന്‍റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ക്രീസില്‍ നിന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് അനായാസം മറികടക്കാവുന്ന ലക്ഷ്യമായിരുന്നു അത്. പതിനഞ്ചാം ഓവറില്‍ അക്സര്‍ പട്ടേലിനെതിരെ ഹെന്‍റിച്ച് ക്ലാസനും മില്ലറും ചേര്‍ന്ന് 24 റണ്‍സടിച്ചതോടെ ഇന്ത്യൻ ആരാധകര്‍ പോലും പ്രതീക്ഷ കൈവിട്ടിരുന്നു.

എന്നാല്‍ പതിനാറാം ഓവര്‍ എറിഞ്ഞ ബുമ്ര നാലു റണ്‍സ് മാത്രം വഴങ്ങി ഇന്ത്യയുടെ നേരിയ പ്രതീക്ഷ നിലനിര്‍ത്തി. ഇതോടെ അവസാന 24 പന്തില്‍ 26 റണ്‍സ് എന്നതായി ദക്ഷിണാഫ്രിക്കയുടെ വിജലക്ഷ്യം. എന്നാല്‍ ഈ സമയത്ത് റിഷഭ് പന്ത് നടത്തിയ തന്ത്രപരമായ ഇടപെടലാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയതെന്ന് ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. കാല്‍ മുട്ടിലെ വേദനക്കെന്ന പേരില്‍ ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിച്ച റിഷഭ് പന്ത് കാല്‍മുട്ടില്‍ ടേപ്പ് ഒട്ടിച്ചു. ഇതിനായി കുറച്ചു സമയം പോയി. ഈ ഇടവേളയാണ് അതുവരെ തകര്‍ത്തടിച്ച് ക്രീസില്‍ നിന്നിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരായ ഹെന്‍റിച്ച് ക്ലാസന്‍റെയും ഡേവിഡ് മില്ലറുടെയും താളം തെറ്റിച്ചത്. റിഷഭ് പന്തിന്‍റെ തന്ത്രപരമായ ആ നീക്കത്തിന് നമ്മുടെ വിജയത്തില്‍ നിര്‍ണായക പങ്കുണ്ട്. പന്തിന്‍റെ ബുദ്ധിപരമായ നീക്കം ഇന്ത്യക്ക് അനുകൂലമായെന്ന് രോഹിത് പറഞ്ഞു.

അതിനുള്ള സാധ്യത 0.1 ശതമാനം മാത്രം, ഐപിഎല്ലിനെ മാറ്റിമറിക്കാവുന്ന കൂടുമാറ്റത്തെക്കുറിച്ച് ഡിവില്ലിയേഴ്സ്

ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനാറാം ഓവറിലെ ആദ്യ പന്തില്‍ ക്ലാസന്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദ്ദത്തിലായി. ഹാര്‍ദ്ദിക് എറിഞ്ഞ പതിനാറാം ഓവറിലും ദക്ഷിണാഫ്രിക്കക്ക് നാലു റൺസെ നേടാനായുള്ളു. ബുമ്ര എറിഞ്ഞ പതിനേഴാം ഓവറില്‍ മാര്‍ക്കോ യാന്‍സന്‍ പുറത്തായതിന് പുറമെ രണ്ട് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ഇതോടെ രണ്ടോവറില്‍ വിജയലക്ഷ്യം 20 റണ്‍സായി.

അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പത്തൊമ്പതാം ഓവറിലും ദക്ഷിണാഫ്രിക്ക നേടിയത് നാലു റണ്‍സ്. അവസാന ഓവറില്‍ വിജയലക്ഷ്യം 16 റണ്‍സ്. ഡേവിഡ് മില്ലറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്സിന് ശ്രമിച്ച മില്ലറെ ബൗണ്ടറിയില്‍ സൂര്യകുമാര്‍ യാദവ് അവിശ്വസനീയമായി കൈയിലൊതുക്കിയതോടെ ദക്ഷിണാഫ്രിക്ക തോല്‍വി ഉറപ്പിച്ചു. അടുത്ത പന്തില്‍ റബാഡ ബൗണ്ടറി നേടിയെങ്കിലും എട്ട് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് അവസാന ഓവറില്‍ നേടാനായത്. ഏഴ് റണ്‍ ജയവുമായി ഇന്ത്യ 11 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ചക്ക് വിരാമമിട്ടപ്പോള്‍ രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ഐസിസി കിരീടം സ്വന്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *