ജോലി ലഭിച്ചെന്ന കത്ത് ലഭിച്ചത് എഴുപതാം വയസിൽ, ഞെട്ടി അപേക്ഷക അപേക്ഷിച്ചത് അരനൂറ്റാണ്ട് മുൻപ്
ഒരു സ്ഥാപനത്തിലേക്ക് ജോലിക്കായി അപേക്ഷ അയച്ചശേഷം ഉദ്യോഗാർഥികൾക്കുപിന്നെ കാത്തിരിപ്പിന്‍റെ നാളുകളാണ്. ചിലപ്പോൾ പെട്ടെന്നുതന്നെ മറുപടി ലഭിക്കുമെങ്കിലും മറ്റുചിലപ്പോൾ ആഴ്ചകളോ മാസങ്ങളോ, അപൂര്‍വമായി ഒന്നോ രണ്ടോ വര്‍ഷങ്ങളോ കഴിഞ്ഞായിരിക്കും കിട്ടുക. ജോലിക്കായി അപേക്ഷ അയച്ച് 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടിസി ഹൊട്‌സണെന്ന സ്ത്രീയ്ക്ക് ജോലിയ്ക്കായുള്ള വിളിയെത്തിയത്.
യു.കെ. സ്വദേശിനിയായ ടിസിക്ക് ഇപ്പോള്‍ വയസ്സ് എഴുപത്. ഇംഗ്ലണ്ടിലെ ലിങ്കന്‍ഷറി (Lincolnshire)ല്‍ താമസിക്കവെ 1976-ലാണ് മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് റൈഡര്‍ ആവുക എന്ന ആഗ്രഹത്താല്‍ ആ പോസ്റ്റിലേക്ക് അവര്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്നാൽ, അരനൂറ്റാണ്ടോളം കഴിഞ്ഞാണ് അവർക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്ത് ലഭിച്ചത്.
അത്ഭുതകരം എന്നാണ് കത്തുകിട്ടിയ ഉടനെ റ്റിസി പ്രതികരിച്ചത്. അന്നയച്ച അപേക്ഷയ്ക്ക് മറുപടിയൊന്നും കിട്ടാത്തതെന്താണെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു. ഇപ്പോള്‍ അതെന്തുകൊണ്ടാണെന്ന് എനിക്കറിയാം, ടിസി ബി.ബി.സിയോട് പ്രതികരിച്ചു. തൊഴിലുടമ അയച്ച കത്ത് പോസ്റ്റ് ഓഫീസിലുള്ളവരുടെ അനാസ്ഥകൊണ്ടാണ് തന്‍റെ കൈകളിൽ എത്താതിരുന്നതെന്നാണ് ടിസി പറയുന്നത്.
‘സ്റ്റെയിന്‍സ് പോസ്റ്റ് ഓഫീസില്‍നിന്നുള്ള വൈകിയ കത്ത്. ഡ്രോയുടെ പിന്നില്‍നിന്ന് കണ്ടുകിട്ടിയ 50 വര്‍ഷം മാത്രം പഴക്കമുള്ളൊരു കത്ത്.’ എന്ന് കൈയെഴുത്തു കുറിപ്പോടുകൂടിയാണ് റ്റിസിയെ തേടി അടുത്തിടെ ഈ കത്ത് ലഭിച്ചത്. അയച്ച ആളുടെ പേരോ, ടിസയുടെ മേല്‍വിലാസം അവര്‍ക്കെങ്ങനെ കിട്ടി എന്ന കാര്യമോ വ്യക്തമല്ല.
അരനൂറ്റാണ്ട് കഴിഞ്ഞെങ്കിലും അപേക്ഷ എഴുതിയ ദിവസം ടിസി ഇന്നുമോര്‍ക്കുന്നുണ്ട്; ‘ലണ്ടനിലെ ഫ്‌ളാറ്റിലിരുന്ന് കത്ത് ടൈപ്പ് ചെയ്തത് എനിക്ക് വ്യക്തമായി ഓര്‍മയുണ്ട്. അന്നൊക്കെ എല്ലാദിവസവും ഞാന്‍ കത്തിന് മറുപടി വന്നോ എന്ന് നോക്കും. നിരാശയായിരുന്നു ഫലം. മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് റൈഡറാകാന്‍ എനിക്ക് അത്രയധികം ആഗ്രഹമുണ്ടായിരുന്നു.’
ഒരു സ്ത്രീയാണെന്ന കാരണത്താല്‍ ജോലി നിരസിക്കപ്പെടാം എന്ന് മനസ്സിലാക്കിയ ടിസി റിക്രൂട്ടര്‍മാരോട് തന്റെ ലിംഗമേതെന്ന് വെളിപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അന്ന് ജോലി കിട്ടാതെപോയ ടിസി പിന്നീട് പാമ്പുപിടുത്തക്കാരിയായും ഫ്‌ളയിങ് ഇന്‍സ്ട്രക്ടറായും എയ്‌റോബാറ്റിക് പൈലറ്റായും തന്റെ കരിയര്‍ കെട്ടിപ്പടുത്തു.
‘എനിക്ക് ജീവിതത്തില്‍ വളരെ മനോഹരമായൊരു കാലമുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും അവർ (പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ്) എന്നെ കണ്ടെത്തി. ഇതിനിടയ്ക്ക് ഞാന്‍ അമ്പതോളം തവണ വീട് മാറി, നാലോ അഞ്ചോ തവണ രാജ്യങ്ങള്‍തന്നെ മാറി. എന്നിട്ടും അവർ ഇപ്പോഴത്തെ എന്‍റെ വിലാസം എങ്ങനെ കണ്ടെത്തി എന്ന കാര്യം നിഗൂഢമാണ്’, റ്റിസി പറയുന്നു.