‘അജിത് കുമാറിന് ഐപിഎസ് നൽകിയത് ആർഎസ്എസ് അല്ല; ഉത്തരവിൽ എവിടെയെങ്കിലും പരാമർശമുണ്ടോ?’
തിരുവനന്തപുരം∙ എഡിജിപി അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ ഉത്തരവിൽ എവിടെയെങ്കിലും ആർഎസ്എസിനെക്കുറിച്ച് പരാമർശമുണ്ടോയെന്ന ചോദ്യമുയർത്തി ആർഎസ്എസ് നേതാവ് എ.ജയകുമാർ. എഡിജിപിയുമായി ആർഎസ്എസ് നേതാക്കളെ കണ്ടതായി ജയകുമാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് രാഷ്ട്രീയ വിവാദമായിരുന്നു.‘‘മാധ്യമങ്ങൾ സമൂഹത്തിനെ വഴിതെറ്റിക്കാൻ ശ്രമിക്കരുത്. എം.ആർ.അജിത് കുമാർ ആർഎസ്എസ് ബന്ധമുള്ള ആളോ, സഹയാത്രികനോ അല്ല. ഐപിഎസും ഉന്നത പദവികളും അദ്ദേഹത്തിനു നൽകിയതും ആർഎസ്എസ് അല്ല.’’– എ.ജയകുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു.
എഡിജിപിയെ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവിൽ ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നില്ല. ഐപിഎസുകാരുടെ സ്ഥലംമാറ്റ ഉത്തരവ് എന്നു മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യമാണ് ജയകുമാർ ചൂണ്ടിക്കാട്ടിയത്.മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലും സ്ഥാനമാറ്റത്തിന്റെ കാരണമില്ലായിരുന്നു. വാർത്താക്കുറിപ്പ് ഇങ്ങനെ: ‘‘ എഡിജിപി എം.ആർ.അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നു സായുധ പൊലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം.ആർ.അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയും പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും അന്വേഷിച്ച റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു’’.