5000 റോക്കറ്റുകളിൽ തുടങ്ങിയ യുദ്ധം; ഇന്നും നരകയാതനയിൽ ഒരു ജനത: ഇസ്രയേല്‍ നേടിയോ മൂന്നു ലക്ഷ്യങ്ങള്‍?
ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളുടെയും വ്യോമാക്രമണ പ്രതിരോധ കവചമായ അയണ്‍ ഡോമിന്റെയും കണ്ണുവെട്ടിച്ച് ടെല്‍ അവീവില്‍ ഹമാസിന്റെ ആക്രമണം. ‘ഓപ്പറേഷന് അല്‍ അഖ്സ ഫ്ലഡ്’ എന്ന പേരില്‍ നടത്തിയ ആക്രമണത്തിന്റെ ഭാഗമായി ഇസ്രയേലിലേക്ക് ഹമാസ് തൊടുത്തത് അയ്യായിരത്തോളം റോക്കറ്റുകള്‍. ആക്രമണത്തില്‍ 1,200 ലേറെ ഇസ്രയേല്‍ പൗരന്മാര് കൊല്ലപ്പെട്ടു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്കു കടത്തി.അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയെങ്കിലും ‘ഹമാസ് ചെയ്ത വലിയ തെറ്റിന് പകരംവീട്ടു’മെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിന്റെ പ്രതികരണം തൊട്ടുപിന്നാലെയെത്തി. തൊട്ടടുത്ത ദിവസം തന്നെ സ്വോര്‍ഡ്സ് ഓഫ് അയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ഗാസയെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങി. ഹമാസ് ആക്രമണത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഗാസയുടെ സ്ഥിതിയിങ്ങനെ…
കൊല്ലപ്പെട്ടവര്‍ – 42,870
മരിച്ച കുട്ടികള്‍ – 16,500
പരുക്കേറ്റവര്‍ – 97,166
∙ഇസ്രയേലില്‍
മരണം – 1,139
പരുക്കേറ്റവര്‍ – 8,730 ഓപ്പറേഷന് അല്‍ അഖ്സ സ്റ്റോമിന്റെ ഒന്നാം വാര്‍ഷികത്തില്‍ എന്തും സംഭവിക്കാമെന്ന ആശങ്കയുടെ മുള്‍മുനയിലാണ് മധ്യപൂര്‍വദേശം. ഹിസ്ബുല്ല നേതാവ് ഹസന് നസ്റല്ലയുടെ വധത്തിന് പിന്നാലെ ഇറാന് ഇസ്രയേലിലേക്കു നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇറാനെ ആക്രമിക്കുമെന്ന സൂചനകള്‍ ഇസ്രയേല്‍ നല്‍കിയിട്ടുണ്ട്. യുഎസും ഇത് നിഷേധിക്കുന്നില്ല. ഇറാന് തിരിച്ചടി നല്കുന്ന കാര്യം ആലോചനയിലാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.
ഇസ്രയേല്‍ നേടിയോ മൂന്നു ലക്ഷ്യങ്ങള്‍?
ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളെ സുരക്ഷിതരായി തിരികെയെത്തിക്കുക, ഇനിയൊരു ഭീഷണിയുണ്ടാകാത്തവിധം അതിര്‍ത്തി സുരക്ഷിതമാക്കുക എന്നീ മൂന്നു ലക്ഷ്യങ്ങളാണ് ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ നെതന്യാഹു മുന്നോട്ടവച്ചത്. യുദ്ധം ഒരു വര്‍ഷം പിന്നിടുമ്പോള്‍, മൂന്നു ലക്ഷ്യങ്ങളില്‍ ഒന്നുപോലും പൂര്‍ണമായും നേടാന്‍ ഇസ്രയേലിന് ആയിട്ടില്ല. ഹമാസിനെ സൈനികമായി ഇല്ലാതാക്കിയെന്ന് യുദ്ധം തുടങ്ങി ഏതാനും മാസങ്ങള്‍ക്കുശേഷം ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടെങ്കിലും അത് എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ലെന്ന് തിരുത്തിപ്പറയുകയും ചെയ്തു. ഹമാസ് പ്രസ്ഥാനത്തെ പൂര്‍ണമായും ഇല്ലാതാക്കുക എന്നത് സാധ്യമായ കാര്യമല്ലെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയല്‍ ഹഗാരി ഓഗസ്റ്റില്‍ തുറന്നു സമ്മതിച്ചു. ബന്ദികളുടെ മോചനവും അനിശ്ചിതമായി തുടരുകയാണ്.
97 പേര് ഇപ്പോഴും ഹമാസിന്റെ തടവിലുണ്ട്. ഇതില്‍ 33 പേര് കൊല്ലപ്പെട്ടെന്ന് കരുതുന്നുവെന്ന് ഇസ്രയേല്‍ തന്നെ പറയുന്നു.ബന്ദി മോചനത്തിനായുള്ള ചര്‍ച്ചകളോട് മൃദുസമീപനം പുലര്‍ത്തുന്നില്ലെന്നും യുദ്ധം നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നെന്നും നെതന്യാഹുവിനെതിരെ ഇതിനകം ഇസ്രയേലില്‍നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ബന്ദി മോചനക്കരാര്‍ വൈകുന്നതിന് നെതന്യാഹു പഴിചാരുന്നത് ഹമാസിനെയാണ്. ബന്ദികളെ വിട്ടുനല്കുന്നതിനു പകരമായി, ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന തങ്ങളുടെ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്നാണ് ഹമാസിന്റെ ആവശ്യം. അതിനൊപ്പം വെടിനിര്‍ത്തലും ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ യുഎസും ഈജിപ്തും ഖത്തറും മധ്യസ്ഥരായി നടത്തിയ ചര്‍ച്ചകളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. ഇസ്രയേല്‍ അതിര്‍ത്തി സുരക്ഷിതമാക്കുകയെന്ന നെതന്യാഹുവിന്റെ മൂന്നാം ലക്ഷ്യവും ഒരു വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ് ചെയ്തതെന്ന് കാണാം.
അശാന്തം, നാലു ദിക്കിലും
പടിഞ്ഞാറൻ അതിർത്തിയിൽ ഗാസയിലെ ഹമാസുമായാണ് ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതെങ്കിലും നിലവില്‍ നാലുദിക്കില്‍നിന്നും ആക്രമണം നേരിടുന്ന അവസ്ഥയാണ്. യുദ്ധം തുടങ്ങി ഉടന്‍ തന്നെ വടക്കന്‍ അതിര്‍ത്തിയില്‍ ലബനനിലെ ഹിസ്ബുല്ലയും ഇറാനും ഇസ്രയേലിനെതിരെ രംഗത്തെത്തിയിരുന്നു. ലബനനില്‍ ഇസ്രയേല്‍ നടത്തിയ പേജര്‍ ആക്രമണങ്ങളില്‍ ഹിസ്ബുല്ല നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുണ്ടായ ആക്രമണ-പ്രത്യാക്രമണങ്ങളില്‍ ഹിസ്ബുല്ല മേധാവി ഹസന് നസ്റല്ലയുള്‍പ്പെടെ വധിക്കപ്പെടുകയും ചെയ്തു.
ആ സാഹചര്യത്തില്‍ ഹമാസിനേക്കാള്‍ ഉപരി ലബനനില്‍നിന്നും ഇറാനില്‍നിന്നുമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനുമായി ഇസ്രയേലിന്റെ ശ്രദ്ധ മാറിയിട്ടുണ്ട്. യെമനില്‍നിന്നുള്ള ഹൂതി വിമതരുടെ ആക്രമണവും ഇസ്രയേലിനു ഭീഷണിയായി തുടരുന്നു. ഹമാസിനു പിന്തുണ പ്രഖ്യാപിച്ച ഹൂതികള്‍ ചെങ്കടലിലൂടെ പോകുന്ന, ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്.
കുരുതി നല്കപ്പെടുന്ന ഒരു ജനത; ഗാസയില്‍ ഇനിയെന്ത്
ഒരു വര്‍ഷമായി ആരുമാരും ജയിക്കാതെ തുടരുന്ന യുദ്ധത്തില്‍ കുരുതി കൊടുക്കപ്പെടുന്നത് ഗാസയിലെ സാധാരണ ജനങ്ങളാണ്. യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനു പുറമെ, ആളുകള്‍ തിങ്ങിനിറഞ്ഞ അഭയാര്‍ഥി ക്യാംപുകളില്‍ പടരുന്ന പകര്‍ച്ചവ്യാധികളും ഗാസയിലെ ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. ഹെപ്പറ്റൈറ്റിസ് എ, മെനിഞ്ചൈറ്റിസ് തുടങ്ങി പോളിയോ ഭീഷണി വരെ ഗാസ നേരിടുന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കാന്‍ യുദ്ധം വേണ്ടിവരില്ലെന്നും പകര്‍ച്ചവ്യാധികള്‍ അവരുടെ ജീവനെടുക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന വേദനയോടെ ലോകത്തോടു പറഞ്ഞത്.
പുനര്‍നിര്‍മിക്കാനാകാത്തവിധം ഒരു വര്‍ഷംകൊണ്ട് ഗാസ തകര്‍ന്നടിഞ്ഞു കഴിഞ്ഞു. പ്രാഥമിക ചികില്‍സാവസ്തുക്കള്‍ പോലും ഗാസയില്‍ ലഭിക്കുന്നില്ലെന്ന് യുഎന്നിന്റെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. മറുവശത്ത് രാഷ്ട്രീയമായും ഗാസ തകര്‍ന്നുകഴിഞ്ഞു. യുദ്ധത്തോടെ മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീന് അതോറിറ്റിയുടെ ജനപ്രീതി നിലംപരിശായിട്ടുണ്ട്. പേരിനു മാത്രമൊരു ഭരണസംവിധാനമായി നിലകൊള്ളുകയാണ് പലസ്തീന് അതോറിറ്റി. യുദ്ധം അവസാനിച്ചാലും അനിശ്ചിതങ്ങള്‍ക്കു നടുവില്‍ ഗാസയിലെ ബാക്കിവരുന്ന ജനത പകച്ചുനില്ക്കേണ്ടി വരും.
ഫലം കാണാതെ പ്രതിരോധത്തിന്റെ അച്ചുതണ്ട് ശക്തികള്‍
യുഎസിനെയും സുന്നി അറബ് രാജ്യങ്ങളെയും നേരിടാന്‍ ഇറാന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആക്സസ് ഓഫ് റെസിസ്റ്റന്‍സ് ഇസ്രയേലിനെതിരെയുള്ള യുദ്ധത്തില്‍ കാര്യമായ ഫലം ചെയ്തിട്ടില്ല. ആക്സസ് ഓഫ് റസിസ്റ്റന്‍സ് പ്രതിരോധത്തിനെത്തുമെന്ന ആത്മവിശ്വാസത്തിന്റെ കൂടി പുറത്താകണം ഒരു വര്‍ഷം മുമ്പ് ഹമാസ് ഇസ്രയേല്‍ ആക്രമണത്തിന് തുനിഞ്ഞതെങ്കിലും വേണ്ട രീതിയില്‍ പ്രതിരോധം സൃഷ്ടിക്കാനായില്ലെന്നു മാത്രമല്ല, അച്ചുതണ്ടിലെ പ്രമുഖ അംഗമായ ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടിയാണുണ്ടായതും.ഹസന് നസ്റല്ലയ്ക്കു പുറമെ, നസ്റല്ലയുടെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്ന ഹാഷിം സഫിയുദ്ദീനെയും ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ലയെ തിരിച്ചുവരവില്ലാത്ത വിധം തകര്‍ക്കാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നതെന്ന് നീക്കങ്ങളില്‍നിന്ന് വ്യക്തം.