എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. ഞായറാഴ്ച രാത്രി മുഖ്യമന്ത്രി നേരിട്ട് സെക്രട്ടേറിയറ്റിലെത്തി നടത്തിയ ആലോചനകൾക്കൊടുവിലാണ് എഡിജിപിയെ പദവിയിൽ നിന്ന് നീക്കിയത്. പകരം ക്രമസമാധാന ചുമതല ഇന്‍റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനാണ് നൽകിയിരിക്കുന്നത്. അജിത് കുമാറിന് നിലവിലുള്ള ബറ്റാലിയൻ എഡിജിപി ചുമതല മാത്രമായിരിക്കും ഇനി ഉണ്ടായിരിക്കുക.
ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തിൽ ഡിജിപി നൽകിയ റിപ്പോർട്ട് കണക്കിലെടുത്താണ് നടപടിയെന്നാണ് പ്രാഥമിക സൂചനകൾ. നിരവധി വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത് കുമാർ.