ക്രിക്കറ്റ് താരത്തിന്റെ അമ്മയുടെ മരണം; മൃതദേഹത്തിനു സമീപം കത്തിയും സ്ക്രൂഡ്രൈവറും, അന്വേഷണം പുരോഗമിക്കുന്നു

0

 

പുണെ∙  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിൽ അങ്കോളയുടെ മാതാവ് മാല അശോക് അങ്കോളയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മാലയുടെ മൃതദേഹത്തിനു സമീപത്തുനിന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും ഒരു സ്ക്രൂഡ്രൈവറും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മാല സ്വയം കഴുത്തുമുറിച്ച് ജീവനൊടുക്കിയെന്നാണ് അനുമാനമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എഴുപത്തേഴുകാരിയായ മാലയെ കഴിഞ്ഞ ദിവസമാണ് പുണെയിലെ പ്രഭാത് റോഡിൽ റീജ് പാത്തിലുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴുത്തിൽ മുറിവുകളുള്ള സാഹചര്യത്തിൽ ആത്മഹത്യയാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതക സാധ്യതയും പൊലീസ് തള്ളിയിട്ടില്ല. മാല ദീർഘകാലമായി സ്‌കീസോഫ്രീനിയ രോഗിയായിരുന്നുവെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

‘‘മരിച്ചയാളുടെ ബന്ധുക്കൾ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽനിന്ന്, മാല 1998 മുതൽ സ്കിസോഫ്രീനിയ രോഗിയാണെന്നും ദീർഘകാലമായി ചികിത്സയിലാണെന്നും വ്യക്തമായിട്ടുണ്ട്. നിലവിൽ മരണത്തെക്കുറിച്ച് അന്വേഷണ സംഘം യാതൊരു നിഗമനത്തിലും എത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്’ – ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഒന്നിലധികം മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനയെന്ന് പൊലീസ് അറിയിച്ചു. വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. മാലയും മകളും താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഭാഗത്തെ സിസിടിവികൾ പ്രവർത്തനക്ഷമമല്ലെന്നും പൊലീസ് കണ്ടെത്തി.

മകൾക്കൊപ്പമാണ് പുണെയിലെ ഈ ഫ്ലാറ്റിൽ മാല താമസിച്ചിരുന്നത്. മകൾ ജോലിക്കു പോയ ശേഷമായിരുന്നു സംഭവമെന്ന് വ്യക്തമായിട്ടുണ്ട്. ഇന്നലെ രാവിലെ 11ഓടെ വീട്ടുജോലിക്കാരി എത്തി ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതോടെ ഇവർ മകളെ വിവരം അറിയിക്കുകയായിരുന്നു. മകൾ ഫ്ലാറ്റിന്റെ താക്കോലുമായി മറ്റൊരാളെ ഇവിടേക്ക് അയച്ചു. ഇയാൾ വന്ന് വാതിൽ തുറന്നതിനു പിന്നാലെ വീട്ടുജോലിക്കാരി അകത്തു കയറിയപ്പോഴാണ് മാലയെ ബെഡ്റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് മാലയുടെ മകൻ സലിൽ അങ്കോള. മഹാരാഷ്ട്രയ്ക്കായി 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 75 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ ആറു റൺസും ഏകദിനത്തിൽ 34 റൺസുമാണ് സമ്പാദ്യം. ടെസ്റ്റിൽ രണ്ടു വിക്കറ്റും ഏകദിനത്തിൽ 13 വിക്കറ്റുമുണ്ട്. കരിയറിലെ ഏക ടെസ്റ്റ് 1989 നവംബർ 15 മുതൽ 20 വരെ കറാച്ചിയിൽ കളിച്ചു. 1989ൽ ഗുജ്രാൻവാലയിൽ പാക്കിസ്ഥാനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 1997 ഫെബ്രുവരി 13ന് ഡർബനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനം കളിച്ചു. വിരമിച്ചതിനു ശേഷം ചലച്ചിത്ര മേഖലയിലേക്കു ചുവടുമാറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *