പടിയിറക്കത്തിന്റെ വക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്; ഇന്നത്തെ മത്സരം നിർണായകം

0

‌#TENHAG_OUT:   ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ് ഈ ഹാഷ്ടാഗ്. സീസൺ തുടക്കത്തിലെ യുണൈറ്റഡിന്റെ മോശം ഫോം തന്നെ കാരണം. പ്രിമിയർ ലീഗിൽ 6 മത്സരങ്ങളിലായി ഇതുവരെ നേടാനായത് 7 പോയിന്റ്. സ്ഥാനം 14–ാമത്. ആദ്യ 6 ലീഗ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും കുറവ് പോയിന്റ് നേടിയ സീസൺ.

2 മത്സരങ്ങളിൽ 3 ഗോൾ വീതം വഴങ്ങി. ടെൻ ഹാഗിന്റെ യുണൈറ്റഡ് കരിയറിലെ 123 മത്സരങ്ങളിൽ 23 കളികളിൽ മൂന്നോ അതിലധികമോ ഗോളുകൾ വഴങ്ങി. ഇന്ന് ആസ്റ്റൻ വില്ലയ്ക്കെതിരെ ജയിച്ചില്ലെങ്കിൽ അൻപത്തിനാലുകാരൻ ടെൻ ഹാഗിന് പെട്ടി പാക്ക് ചെയ്ത് തുടങ്ങാം എന്ന് ഏറക്കുറെ ഉറപ്പ്!

∙ ഒരു മത്സരത്തിൽ 1.20 പോയിന്റ് ! 

ഈ സീസണിൽ യുണൈറ്റഡ് ആകെ കളിച്ചത് 10 മത്സരങ്ങൾ. 3 വീതം ജയവും സമനിലയും നേടി. 4 മത്സരങ്ങൾ തോറ്റു. ആകെ നേടിയത് 12 പോയിന്റ്. ശരാശരി കണക്കാക്കിയാൽ എറിക് ടെൻ ഹാഗിന്റെ യുണൈറ്റഡിന് ഒരു മത്സരത്തിൽ നിന്ന് നേടാനായത് 1.20 പോയിന്റാണ് (പോയിന്റ്സ് പെർ ഗെയിം). ടെൻ ഹാഗിന്റെ കരിയറിൽ ഏറ്റവും കുറഞ്ഞ പോയിന്റ് നിരക്ക്.

ഡച്ച് ലീഗ് ക്ലബ് അയാക്സിൽ നിന്ന് 2022–23 സീസണിൽ യുണൈറ്റഡിലെത്തിയ ടെൻ ഹാഗ് ആ സീസണിൽ 2.13 പോയിന്റും കഴിഞ്ഞ സീസണിൽ ശരാശരി 1.60 പോയിന്റും  ഓരോ മത്സരങ്ങളിൽ നിന്ന് നേടി. ടെൻ ഹാഗിന്റെ കീഴിൽ കളിച്ച 4 സീസണുകളിൽ അയാക്സിന്റെ പോയിന്റ്സ് പെർ ഗെയിം ഒരിക്കലും രണ്ടിൽ കുറഞ്ഞിരുന്നില്ല.

∙ ടെൻ ഹാഗും യുണൈറ്റഡും: 5 പ്രശ്നങ്ങൾ 

1) ഗോളടി കുറവ്: ടെൻ ഹാഗ് ചുമതല ഏറ്റെടുത്തതിനു ശേഷം ഗോൾ നേട്ടത്തിന്റെ കണക്കിൽ ലീഗിൽ 10–ാം സ്ഥാനത്താണ് യുണൈറ്റഡ്. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 84 ഗോളുകൾ കുറവ്.

2) പോയിന്റ് ഗ്യാപ്: പ്രിമിയർ ലീഗ് ചാംപ്യന്മാരുമായുള്ള പോയിന്റ് വ്യത്യാസം വർധിച്ചു. 2022–23 സീസണിൽ സിറ്റിയുമായുള്ള പോയിന്റ് വ്യത്യാസം 14 ആയിരുന്നു. കഴിഞ്ഞ സീസണിൽ അത് 31 പോയിന്റായി വർധിച്ചു.

3) ശോഭിക്കാത്ത ട്രാൻസ്ഫറുകൾ: 15 സ്ഥിരം ട്രാൻസ്ഫറുകൾക്കായി ടെൻ ഹാഗ് മുടക്കിയത് 805 മില്യൻ ഡോളറാണ് (ഏകദേശം 6700 കോടി രൂപ). വമ്പൻ തുക മുടക്കി എടുത്ത ആന്റണി 84 മത്സരങ്ങളിലായി 17 ഗോൾ മാത്രമാണ് നേടിയത്. കസെമിറോയും ആന്ദ്രേ ഒനാനയും സ്ഥിരതയില്ലാതെ കളിക്കുന്നു.

4) പരുക്ക്: സീസൺ തുടക്കം മുതൽ മേസൻ മൗണ്ട് പരുക്കിന്റെ പിടിയിലാണ്. ലൂക്ക് ഷാ, ഹാരി മഗ്വയർ, ആന്റണി, റാസ്മസ് ഹോയ്‌ലണ്ട് എന്നിവർക്ക് സീസണിൽ പല സമയത്തായി പരുക്കേറ്റതും ടീമിന്റെ പ്രകടനത്തെ ബാധിച്ചു.

5) പരീക്ഷണങ്ങൾ കുറവ്: തുടർച്ചയായ തോൽവിയിലും താരങ്ങളെ മാറ്റി പരീക്ഷിക്കുന്നില്ല. മാർക്കസ് റാഷ്ഫഡ്, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ നിലവിൽ മോശം ഫോമിലാണ്. പക്ഷേ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കും. ബ്രൂണോ ഫെർണാണ്ടസ് തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ചുവപ്പ് കാർഡ് ലഭിച്ച് കളം വിട്ടിരുന്നു.

∙ ആര് വരും? 

ടെൻ ഹാഗിന്റെ കസേര തെറിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ മാഞ്ചസ്റ്ററിലേക്ക് ഇനി എത്തുന്നത് ആര് എന്ന ചോദ്യവും ഉയർന്നു തുടങ്ങി. സീസൺ ആരംഭിച്ച് 2 മാസം മാത്രമായതിനാൽ ഇപ്പോൾ പരിശീലകനെ മാറ്റിയാൽ പുതിയ പരിശീലകനെ നിയമിച്ചേക്കും. പാതി കഴിഞ്ഞാൽ സീസൺ പൂർത്തിയാകും വരെ സഹ പരിശീലകനു ചുമതല നൽകാനാണ് സാധ്യത. യുണൈറ്റഡിന്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ളവർ:

സിമോണെ ഇൻസാഗി

നിലവിൽ ഇറ്റാലിയൻ ക്ലബ് ഇന്റർമിലാന്റെ പരിശീലകൻ.

റൂബൻ അമോറിം

നിലവിൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൻ കോച്ച്.

കീറൻ മക്കേന

ഇപ്സ്‌വിച് ടൗൺ പരിശീലകൻ. ഇപ്സ്‌വിച്ചിനെ പ്രിമിയർ ലീഗിലേക്ക് തിരികെ എത്തിച്ച പരിശീലകൻ.

തോമസ് ടുഹേൽ

ജർമൻ ക്ലബ് ബയൺ മ്യൂണിക്കിൽ നിന്ന് ഈ സീസണിൽ പടിയിറങ്ങി

ഗാരെത് സൗത്ത്ഗേറ്റ്

യൂറോ കപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇംഗ്ലണ്ട് ദേശീയ ടീം പരിശീലകസ്ഥാനമൊഴിഞ്ഞു.

∙ 1931നു ശേഷം മാഞ്ചസ്റ്റർ 

യുണൈറ്റഡ് ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽ‍വിയറിഞ്ഞത് ടെൻ ഹാഗിനു കീഴിലാണ്. 2023 മാർച്ചിൽ ആൻഫീൽഡിൽ നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിനോടു തോറ്റത് 7–0ന്!

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *