ദയനീയ തോൽവിയോടെ ബാക്ക് ഫൂട്ടിൽ ഇന്ത്യ, ആധികാരിക ജയത്തോടെ ഫ്രണ്ട് ഫൂട്ടിൽ പാക്കിസ്ഥാൻ; ഇന്ന് നേർക്കുനേർ
ദുബായ് ∙ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമിൽ നിന്ന്, സെമിഫൈനലിൽ കടക്കാൻ ഇനിയുള്ള എല്ലാ കളിയും ജയിക്കണമെന്ന സ്ഥിതിയിലേക്കു മാറാൻ ടീം ഇന്ത്യയ്ക്കു വേണ്ടിവന്നത് ഒരേയൊരു മത്സരം മാത്രം! വനിതാ ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് എയിൽ ഇന്ന് പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ഇന്ത്യയ്ക്ക് ഇത് നിലനിൽപിന്റെ പോരാട്ടം കൂടിയാണ്. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോടേറ്റ കനത്ത തോൽവിയോടെ പോയിന്റ് ടേബിളിൽ –2.90 നെറ്റ് റൺറേറ്റുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
ഓരോ മത്സരം വീതം ജയിച്ച ന്യൂസീലൻഡ്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ ടീമുകളാണ് ആദ്യ 3 സ്ഥാനങ്ങളിൽ. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ മാത്രമേ സെമിഫൈനലിലേക്ക് കടക്കൂ എന്നിരിക്കെ, ഇന്ന് പാക്കിസ്ഥാനെതിരെ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് നോക്കൗട്ട് പ്രതീക്ഷ സജീവമായി നിലനിർത്താൻ സാധിക്കൂ. മറുവശത്ത് ആദ്യ മത്സരം ജയിച്ചെത്തിയ പാക്കിസ്ഥാന് ഇന്നു ജയിച്ചാൽ സെമിയിലേക്ക് ഒരു പടികൂടി അടുക്കാം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ 3.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.
∙ ബാക്ക് ഫൂട്ടിൽ ഇന്ത്യ
ന്യൂസീലൻഡിനെതിരായ ആദ്യ മത്സരത്തിലെ ദയനീയ തോൽവിയുണ്ടാക്കിയ ഞെട്ടൽ ഇന്ത്യൻ ക്യാംപിൽ നിന്ന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും മാത്രമല്ല, ഫീൽഡിങ്ങിൽ ഉൾപ്പെടെ ഇന്ത്യ തീർത്തും നിറംമങ്ങിയ മത്സരമായിരുന്നു ന്യൂസീലൻഡിനെതിരെ. ബാറ്റിങ് ഓർഡറിൽ നടത്തിയ പരീക്ഷണവും 3 പേസർമാരുമായി ഇറങ്ങാനുള്ള തീരുമാനവുമെല്ലാം ഇന്ത്യയ്ക്ക് തിരിച്ചടിയായി.ഈ പിഴവുകളെല്ലാം തിരുത്താനുള്ള അവസരമാണ് ഇന്ന് പാക്കിസ്ഥാനെതിരെയുള്ള മത്സരം. ജയത്തിനു പുറമേ, മികച്ച മാർജിനിൽ മത്സരം സ്വന്തമാക്കി നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഇന്ത്യയ്ക്കു മുന്നിലുണ്ട്.
∙ ഫ്രണ്ട് ഫൂട്ടിൽ പാക്കിസ്ഥാൻ
ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ ആധികാരിക വിജയത്തിന്റെ കരുത്തിലാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ ഇറങ്ങുന്നത്. ബാറ്റിങ്ങിൽ പതറിയെങ്കിലും ബോളിങ് കരുത്തിലായിരുന്നു ലങ്കയെ പാക്കിസ്ഥാൻ പിടിച്ചുകെട്ടിയത്. 4 ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇടംകൈ സ്പിന്നർ സാദിയ ഇക്ബാലായിരുന്നു ലങ്കയ്ക്കെതിരെ പാക്ക് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. സ്പിന്നർമാരായ ഫാത്തിമ സന, ഒമൈമ സുഹൈൽ എന്നിവരും മികച്ച ഫോമിലാണ്. ബാറ്റിങ്ങിൽ സീനിയർ താരം നിദ ദറിന്റെ ഫോമിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ∙ രാജ്യാന്തര വനിതാ ട്വന്റി20യിൽ 15 തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നത്. ഇതിൽ 12 തവണയും ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു