പ്രിയങ്കയെ കാത്ത് വയനാട്; പ്രചാരണം ഏറ്റെടുത്ത് ഹൈക്കമാൻഡ്; പ്രമുഖനെ ഇറക്കാൻ ബിജെപി, ആനിക്ക് പകരം ആര്?
കൽപറ്റ∙ രാഹുൽ ഗാന്ധിക്കു ലഭിച്ചതിനേക്കാൾ കൂടുതൽ ഭൂരിപക്ഷം നേടുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ യുഡിഎഫിന് വയനാട് ഉപതിരഞ്ഞെടുപ്പിലുള്ളൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തനം തുടങ്ങി. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഓരോ എംപിമാരെയാണ് നിയോഗിച്ചത്. പൂർണമായും കേന്ദ്ര നേതൃത്വത്തിന്റെ നിയന്ത്രണത്തിലായിരിക്കും വയനാട്ടിൽ കോൺഗ്രസ് പ്രചാരണം നടത്തുകയെന്ന് ഇതോടെ വ്യക്തമായി. വയനാട് ജില്ലയിലെ കോൺഗ്രസിനുള്ളിൽ നിൽക്കുന്ന പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളും തൽക്കാലം ഗൗനിക്കാതെ കേന്ദ്ര നേതൃത്വം മുന്നോട്ടുപോകുകയാണ്.
അഭിമാനപ്പോരാട്ടം
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു മാറി നിൽക്കുകയായിരുന്ന പ്രിയങ്ക ഗാന്ധി സാഹചര്യങ്ങളുടെ നിർബന്ധംകൊണ്ടാണ് വയനാട്ടിൽ സ്ഥാനാർഥിയായി നിയോഗിക്കപ്പെട്ടത്. മുൻപും പല വട്ടം പല സീറ്റുകളിലേക്കും പ്രിയങ്കയുടെ പേര് ഉയർന്നുവന്നെങ്കിലും മത്സരിക്കാൻ തയാറായില്ല. റായ്ബറേലി നിലനിർത്താൻ തീരുമാനിച്ചതോടെയാണ് രാഹുൽ വയനാട് ഒഴിഞ്ഞത്. യുഡിഎഫിന്റെ കുത്തക മണ്ഡലമായ വയനാട്ടിൽ ലീഗ് ഉൾപ്പെടെ അവകാശവാദം ഉന്നയിച്ചിരുന്നു. അതിനാൽ രാഹുൽ മാറിയാൽ ആരെന്ന ചർച്ച ഇതിനകം തന്നെ ചൂടുപിടിച്ചു. ആ ചർച്ച ആരോഗ്യകരമായ രീതിയിലേക്കല്ല നീങ്ങുന്നതെന്നു മനസ്സിലാക്കിയ കേന്ദ്രം രാഹുൽ വയനാട് ഒഴിയുന്നുവെന്നു വ്യക്തമാക്കിയതിനു പിന്നാലെ പ്രിയങ്ക മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടമാണ് വയനാട്ടിൽ. പ്രിയങ്കയെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കേണ്ടതു ദേശീയ രാഷ്ട്രീയത്തിൽ തന്നെ ചലനമുണ്ടാക്കാൻ പോന്നതാണ്.
അതിനാലാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നേരിട്ടു വളരെ നേരത്തെ തന്നെ പണി തുടങ്ങിയത്. കെ.സി.വേണുഗോപാൽ കഴിഞ്ഞ ആഴ്ച കൽപറ്റയിലെത്തിയാണു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കു തുടക്കം കുറിച്ചത്. ഏഴു തിരഞ്ഞെടുപ്പ് നിരീക്ഷകരെയും പാർട്ടി നിയമിച്ചു. എംപിമാരായ എം.കെ.രാഘവൻ (തിരുവമ്പാടി), രാജ്മോഹൻ ഉണ്ണിത്തൻ (കൽപറ്റ), ആന്റോ ആന്റണി (നിലമ്പൂർ), ഡീൻ കുര്യാക്കോസ് (ബത്തേരി), ഹൈബി ഈഡൻ (വണ്ടൂർ), എംഎൽഎമാരായ സണ്ണി ജോസഫ് (മാനന്തവാടി), സി.ആർ.മഹേഷ് (ഏറനാട്) എന്നിങ്ങനെയാണു ചുമതല നൽകിയിരിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചടത്തോളം ഇനി തീയതി പ്രഖ്യാപിക്കുകയേ വേണ്ടൂ.
ഇനിയില്ല ആനിരാജ
വീണ്ടും വയനാട്ടിൽ മത്സരിക്കാൻ ഇല്ലെന്ന് ആനി രാജ തീർത്തുപറഞ്ഞുവെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. രാഹുൽ ഗാന്ധിയോടു ജയിക്കാൻ സാധ്യതയില്ലായിരുന്നുവെങ്കിലും വോട്ടു പിടിക്കാൻ സാധിക്കുമെന്നായിരുന്നു കരുതിയത്. മാത്രമല്ല, രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയെ നിർത്തിയത് മണ്ടത്തരമായെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ ആരാണു മത്സരിക്കുക എന്ന ചോദ്യമാണ് സിപിഐയെ അലട്ടുന്നത്. കഴിഞ്ഞ തവണത്തേതുപോലെ ഇത്തവണയും കരുത്തനായ സ്ഥാനാർഥിയെ തന്നെ ബിജെപി നിർത്തുമെന്നാണു പ്രാഥമിക വിവരം. കെ.സുരേന്ദ്രൻ തന്നെ മത്സരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. എന്നാൽ പ്രിയങ്കയ്‌ക്കെതിരെ മുതിർന്ന നേതാവ് തന്നെയായിരിക്കും മത്സരിക്കുക.
ഏകപക്ഷീയ മത്സരം
വയനാട്ടിൽ ഏകപക്ഷീയമായ മത്സരമായിരിക്കും ഉണ്ടാകുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. സ്ത്രീകൾ കൂടുതലുള്ള മണ്ഡലത്തിൽ പ്രിയങ്ക മത്സരിക്കുന്നതോടെ കൂടുതൽ സ്ത്രീവോട്ടുകൾ സമാഹരിക്കാനും അതുവഴി രാഹുൽ ഗാന്ധിക്കു ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം നേടാനും സാധിക്കുമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുലിന് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് അവകാശപ്പെട്ടത്. എന്നാൽ 364,422 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളു. പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടുക എന്നതായിരിക്കും യുഡിഎഫിന്റെ ലക്ഷ്യം.