മേളമാണ് എൻ്റെ ജീവിത താളം…!
23456
” എന്നെ ചേർത്ത് പിടിച്ച ഈ മഹാനഗരത്തിൻ്റെ തണലിലിരുന്നുതീർത്ത താളപ്പെരുമയിലൂടെയാണ് ഞാനെൻ്റെ പാരമ്പര്യത്തിൻ്റെ പാതയിൽനിന്ന് വഴിമാറാതെ മുന്നോട്ടുപോയതും ജീവിതത്തിന് നിറംപിടിപ്പിച്ചതും . മേളപ്പെരുക്കത്തിനിടയിൽ ഈ മുംബൈ മഹാനഗരം സ്വയം എൻ്റെ ജന്മനാടായിചുരുങ്ങുന്നതും ആശിർവദിക്കുന്നതുമായ (അ )ദൃശ്യാനുഭവങ്ങൾ എന്നെ പലപ്പോഴും ആത്മഹർഷം കൊള്ളിച്ചിട്ടുണ്ട് !
ഒരിക്കൽ ഈ നഗരത്തിന് അത്ര പരിചിതമല്ലാത്ത ചെണ്ട വാദ്യവുമായി പഠനക്ലാസ്സിന് തുടക്കം കുറിച്ചപ്പോൾ .
ഉയരുന്നുവന്നിരുന്ന ശബ്‌ദം ,സമീപവാസികളെയൊക്കെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പക്ഷെ നഗരത്തിലെ കലാഹൃദയമുള്ളവരും സംഘാടകരും ആർക്കും ബുദ്ധിമുട്ടാകാത്ത തരത്തിലുള്ള ഇടങ്ങൾ ഓരോന്നായി കണ്ടെത്തിത്തരുമ്പോഴും അവിടെയൊക്കെ ക്ലാസ്സുകൾ ആരംഭിക്കുമ്പോഴും ഞാൻ സൃഷ്ടിച്ചത് നിരവധി പ്രതിഭകളെ ആയിരുന്നു . അലോസരങ്ങൾ ആയിരുന്നില്ല ! അത് ഇന്നെന്നെ ഏറെ സന്തോഷിപ്പിക്കുന്നു..ഈ നഗരത്തിന്റെ കീഴിലുള്ളവരെല്ലാം സ്നേഹവും സൗഹാർദ്ദവുമുള്ളവരാണ്.
ഇന്ന് ഇവിടെ പഠിച്ച എൻ്റെ ശിഷ്യന്മാരിൽ പലരും കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരോടൊപ്പം
നിന്ന് കൊട്ടുന്നു, അവർക്കതിനുള്ള കഴിവുണ്ട് എന്ന് വാദ്യ ലോകം പറയുമ്പോൾ അതിൽപ്പരം ആനന്ദിക്കാൻ വേറെ എന്തുവേണം !? ഇപ്പോൾ ,ശിഷ്യന്മാരോക്കെ ചേർന്നു രൂപീകരിച്ച ‘ക്ഷേത്ര വാദ്യകലാസംഘം മുംബൈ ‘ എന്ന കൂട്ടായ്‌മ ചെണ്ട ക്ലാസ്സുകൾക്ക് സാരഥ്യം വഹിക്കയാണ്.
കേരളത്തിൻറെ മുഖമുദ്രയായ മേളത്തെ മുംബൈയിലെ ആഘോഷങ്ങളുടെ അനിവാര്യതയാക്കാൻ സാധിച്ചു എന്നത് തന്നെയാണ് എൻ്റെ ജീവിത സാഫല്യമായി ഞാൻ കാണുന്നത് . ഇന്ന് ഒരുപാടുപേർ ചെണ്ട കൊട്ടാൻ പഠിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു…അതിന് ഗുരുക്കന്മാരോട് മാത്രമല്ല ,എല്ലാവരേയും ഉൾകൊള്ളുന്ന, നമുക്കായി ഒരു ഇടം ഒരുക്കികൊടുക്കുന്ന ഈ മഹാ നഗരത്തിനോടും കൂടിയാണ് ഞാൻ നന്ദി പറയുന്നത് ..”
– അനിൽ പൊതുവാൾ
മുംബൈയെ താള വാദ്യ വേദിയാക്കി മാറ്റിയ, ഗുരു അനിൽ കുമാർ പൊതുവാൾ
പൂക്കാട്ടിരി രാമ പൊതുവാളിന്റെ കീഴിൽ ചെണ്ട അഭ്യസിച്ച 1988ൽ മേളങ്ങളുടെയും -താളങ്ങളുടെയും നാടായ ചെർപ്പുളശ്ശേരിയിൽ നിന്നും മുംബൈയിലേക്ക് എത്തിയത് മറ്റു എല്ലാവരെയും പോലെ ജോലി ചെയ്തു കുടുംബം പോറ്റാൻ വേണ്ടി അയിരുന്നെങ്കിലും മുംബൈ നഗരം ഇദ്ദേഹത്തെ വരവേറ്റത് മറ്റൊരു ഉദ്ദേശത്തോടുകൂടി ആയിരുന്നു എന്ന് വേണം പറയാൻ.
ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്‌തിരുന്ന ഇദ്ദേഹം പാരമ്പര്യത്തെ കൈവിടാതെ ,കിട്ടിയ ഡോംബിവ്‌ലി കലാക്ഷേത്രം എന്ന സംഘടനയിൽ ചെണ്ട അഭ്യസിപ്പിച്ചു തുടങ്ങി
പിന്നീട് കല്യാൺ കലാക്ഷേത്ര, BARC ചെമ്പുർ, താനെ, ഭാണ്ഡൂപ്, താക്കുർളി, നെരൂൾ, പൻവേൽ, ഖാർഘർ അങ്ങനെ നിരവധി സ്ഥലങ്ങളിൽ … ഇന്ന് 200ലധികം ശിഷ്യന്മാർ…!
ചെണ്ട വാദ്യത്തിൽ ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പ്രതിഭ . മോഹിനിയാട്ടം ഭരതനാട്യം തുടങ്ങിയ നൃത്തരൂപങ്ങൾക്ക് വേണ്ടി സംഗീത രചന നിർവഹിച്ചു ..
വയലാറിൻ്റെ ‘രാവണപുത്രി’ യെ നാടക രൂപത്തിൽ അവതരിപ്പിച്ച് കാണികളുടെ മുക്തകണ്ഠം പ്രശംസ നേടി. ആവിഷ്കാര, സ്കെച്ചസ് ഓഫ് കേരള , കാളിദാസ, വര്ഷമേഘം എന്നി നാട്യ -ഭാവ ദൃശ്യാവിഷ്കാരങ്ങളും അരങ്ങിലെത്തിച്ചു.
കഥകളി ,മോഹിനിയാട്ടം ചെണ്ട എന്നി കലകളെ പ്രോത്സാഹിപ്പിക്കുന്ന ‘സൃഷ്ട്ടി ‘എന്ന സംഘടനയുടെ ചെയർമാൻ കൂടി ആണ് ഗുരു ശ്രി അനിൽ പൊതുവാൾ.