എൻസിപി-(അജിത് പവാർ) നേതാവ് സച്ചിൻ കുർമിയെ അഞ്ജാതർ കുത്തി കൊലപ്പെടുത്തി !
മുംബൈ : എൻസിപി അജിത് പവാർ വിഭാഗം നേതാവ് സച്ചിൻ കുർമിയെ അജ്ഞാതർ മാരകമായി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി .ഇന്ന് പുലർച്ചെ 12.30 ഓടെ നഗരത്തിലെ ബൈക്കുള ഏരിയയിലെ എംഎച്ച്എഡിഎ കോളനിക്ക് പിന്നിൽ അജ്ഞാതർ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാളെ ആക്രമിച്ചതായി പോലീസ് അറിയിച്ചു. വിവരം ലഭിച്ച ഉടൻ സംഭവ സ്ഥലത്തെത്തിയ പോലീസ് കുർമിയെ ജെജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു.
മൃതദേഹം പോലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൊലയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ല, എന്നാൽ സംഭവത്തിൽ രണ്ടോ മൂന്നോ പേർക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അജ്ഞാതർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ അർധരാത്രിയോടെ സച്ചിൻ വീട്ടിൽ നിന്ന് രാത്രി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. അന്വേഷണത്തിനിടെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു . ഇരുചക്രവാഹനത്തിൽ മൂന്ന് പേർ സച്ചിൻ കുർമിയെ പിന്തുടർന്ന് പലതവണ കുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട് .കേസ് അന്വേഷിക്കാൻ പോലീസ് എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.
സംഭവം പ്രദേശത്തെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.