വസായ്-വിരാർ നഗരസഭ 41 കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നു !

0

 

നല്ലോസപ്പാറയിൽ 8,000 ത്തോളം താമസക്കാർ ‘ കുടിയൊഴിപ്പിക്കൽ ‘ ഭീഷണിയിൽ !

വീരാർ : വസായ്-വിരാർ മുനിസിപ്പൽ കോർപ്പറേഷൻ (വിവിഎംസി) സൊസൈറ്റിയിലെ 41 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതിനാൽ, നലസോപാര ഈസ്റ്റിലെ ജയ് അംബെ വെൽഫെയർ സൊസൈറ്റിയിലെ 8,000 ത്തോളം താമസക്കാർ ഫ്‌ളാറ്റ്‌ നഷ്ട്ടപെടുമെന്ന അവസ്ഥയെ അഭിമുഖീകരിക്കുന്നു. 2500ഓളം കുടുംബങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടീസ് നഗരസഭാ നൽകിയിട്ടുണ്ട്. സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസിനും അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിന് എംഎസ്ഇഡിസിഎല്ലിനും ഞങ്ങൾ കത്തയച്ചിട്ടുണ്ടെന്ന് വിവിഎംസി അസിസ്റ്റൻ്റ് മുനിസിപ്പൽ കമ്മീഷണർ മോഹൻ സങ്കേ പറഞ്ഞു.

ചൊവ്വാഴ്ച, ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എസ്വിഎൻ ഭട്ടി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതുപ്രകാരം അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതുമായി മുന്നോട്ട് പോകാൻ അധികാരികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ദുരിതബാധിതരായ താമസക്കാരുടെ പുനരധിവാസ സാധ്യതകൾ ആരായണമെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി , 41 അനധികൃത കെട്ടിടങ്ങൾ “തികച്ചും നിയമവിരുദ്ധവും അനധികൃതവുമാണെന്ന്” നിരീക്ഷിച്ച് താമസക്കാർക്ക് ഇളവ് നൽകാൻ വിസമ്മതിച്ചിരുന്നു.

ഒരു മലിനജല ശുദ്ധീകരണ പ്ലാൻ്റിനും മാലിന്യം തള്ളുന്ന സ്ഥലത്തിനുമായി നീക്കിവെച്ച ഭൂമിയിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 30 വരെ സമയപരിധി നിശ്ചയിച്ചിരുന്നതുകൊണ്ടു തന്നെ പൊളിക്കലുമായി മുന്നോട്ട് പോകുമെന്ന് വിവിഎംസി അധികൃതർ അറിയിച്ചു. പാർപ്പിടം നഷ്ട്ടപ്പെടുമെന്ന ഭയത്താൽ കഴിയുന്നവരുടെ പുനരധിവാസ പ്രശ്‌നം ഏറ്റെടുക്കാൻ ആഗ്രിസേനയും ഹൈന്ദവി സ്വരാജ്യ പ്രതിഷ്ഠാൻ (എച്ച്എസ്‌പി) എന്ന എൻജിഒ യും മുന്നോട്ടു വന്നിട്ടുണ്ട് .

ഇവിടെയുള്ള നിരവധി താമസക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദിവസക്കൂലിക്കാരാണ്. അവരെ പുറത്താക്കിയാൽ, അവർ റോഡിൽ നിൽക്കേണ്ടിവരും. കെട്ടിട നിർമ്മാതാക്കൾ ഇവരെ വഞ്ചിച്ചു. എൻജിഒ വിവിഎംസി അധികാരികളെ കാണുമെന്നും താമസക്കാരുടെ പുനരധിവാസത്തിന് ശ്രമിക്കുമെന്നും എച്ച്എസ്‌പി പറഞ്ഞു.

നാലസോപാര ഈസ്റ്റിലെ അഗർവാൾ നഗറിലെ 22 മുതൽ 30 വരെ സർവേ നമ്പരുകളിലായി 30 ഏക്കറിലാണ് അനധികൃത കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഭൂമിയിൽ ചിലത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്. വസായ്-വിരാർ മേഖലയിലെ ബഹുജൻ വികാസ് അഘാഡി (ബിവിഎ) പാർട്ടിയുടെ മുൻ കോർപ്പറേറ്ററായ സീതാറാം ഗുപ്തയും മകൻ അരുൺ ഗുപ്തയും 2006-ൽ നിർമാണ അനുമതിയോ ഒക്യുപ്പൻസി സർട്ടിഫിക്കറ്റോ നേടാതെയാണ് 2006-ൽ ഈ ഭൂമിയിൽ കെട്ടിടങ്ങൾ പണിയാൻ തുടങ്ങിയത്. നിർമ്മിതികൾ അനധികൃതമായി കണക്കാക്കുകയും 2010 നും 2012 നും ഇടയിൽ ചിലത് പൊളിക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *