നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി

0

കോഴിക്കോട്∙  നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി. തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് നവരാത്രി ബൊമ്മക്കൊലു. കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് വർണാഭമായ ബൊമ്മക്കൊലു ഒരുക്കിയത്. 12 വരെ ഇവിടെ ബൊമ്മക്കൊലു ഉണ്ടാകും. ദേവീ ദേവൻമാരെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ദേവതകളുടെ രൂപസാദൃശ്യമുള്ള ബൊമ്മകളെ 11 പടികളിലായി അലങ്കരിച്ചു വയ്ക്കുന്നത്. വലിയ ബൊമ്മകളാണ് ഇത്തവണത്തെ ബൊമ്മക്കൊലുവിന്റെ സവിശേഷത. ദുർഗ, ലക്ഷ്മി, സരസ്വതി, ശമയപുരം മാരിയമ്മൻ, കാഞ്ചി കാമാക്ഷി അമ്മൻ, ഗായത്രി ദേവി, കുംഭകർണൻ, ഗജേന്ദ്ര മോക്ഷം, ഭീമൻ ഗർവം അടക്കുന്ന രൂപം, ശബരിമല, അഷ്ടലക്ഷ്മി, മായക്കണ്ണാടി, ദശാവതാരം, വളകാപ്പ് സെറ്റ്, ഗോവർധനം, മീനാക്ഷി കല്യാണം, ലക്ഷ്മീ കുബേരൻ, വിശ്വരൂപം–അർജുനൻ, ഗുരുവായൂരപ്പൻ, വെങ്കിടാചലപതി, രാധാ–കൃഷ്ണൻ, പാണ്ഡുരംഗൻ തുടങ്ങിയ വലിയ സൗന്ദര്യമുള്ള ബൊമ്മകൾ കൊലുപടികളെ മനോഹരമാക്കുന്നു. വിവിധയിനം നിത്യോപയോഗ ഉപകരണങ്ങളുടെ മാതൃകകൾ, പച്ചക്കറി രൂപങ്ങൾ തുടങ്ങിയവയും കൊലുപടികളിൽ ഇടം പിടിച്ചിട്ടുണ്ട്. നവരാത്രി ദിവസങ്ങളിൽ ദേവീ സ്ത്രോത്രങ്ങൾ, ലളിതാംബാൾ ശോഭനം, ലളിതാസഹസ്രനാമം, ദേവീ മാഹാത്മ്യം എന്നിവ തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ പാരായണം ചെയ്യും. ഭക്തർക്ക് എല്ലാ ദിവസവും ബൊമ്മക്കൊലു ദർശിക്കാൻ സൗകര്യം ഉണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *