അമീബിക് മസ്തിഷ്‌കജ്വരം: അപൂർവ രോഗം എന്തുകൊണ്ട് തിരുവനന്തപുരത്ത് പടർന്നുപിടിക്കുന്നു?; ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്

0

തിരുവനന്തപുരം∙   കടുത്ത ആശങ്ക ഉയര്‍ത്തി ജില്ലയില്‍ അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമായി പടര്‍ന്നുപിടിക്കുമ്പോഴും ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ ലോകത്തുതന്നെ അപൂര്‍വമായ രോഗം എന്തുകൊണ്ടാണ് ജില്ലയില്‍ പടര്‍ന്നു പിടിക്കുന്നതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പഠനം ത്വരിതപ്പടുത്താനോ ഉള്ള ഒരു തരത്തിലുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ജില്ലയില്‍ മൂന്നു മാസത്തിനിടയില്‍ ഒട്ടേറെപ്പേര്‍ക്ക് രോഗബാധയുണ്ടായ സാഹചര്യത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു നാളേറെയായിട്ടും ഐസിഎംആര്‍ പഠനം ഉള്‍പ്പെടെ ഇതുവരെ തുടങ്ങിയിട്ടില്ല.

ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയില്‍, പൈപ്പ് വെള്ളത്തിലും മണ്ണിലും പോലും അമീബയുടെ സാന്നിധ്യമുണ്ടാകാമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറെ ഗൗരവത്തോടെ പരിഗണിക്കേണ്ട കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നു മെല്ലെപ്പോക്ക് സമീപനമാണ് ഉണ്ടാകുന്നതെന്നു ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നു. ആദ്യഘട്ടത്തില്‍ രോഗം പടര്‍ന്നതിന്റെ ഉറവിടം എന്നു കരുതുന്ന കണ്ണറവിള കാവിന്‍കുളത്തില്‍നിന്നു ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാഫലം ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും എത്രയും പെട്ടെന്ന് ഫലം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കി. ഈ കുളം രണ്ടു മാസമായി അടച്ചിട്ടിരിക്കുകയാണ്.

അമീബിക് മസ്തിഷ്‌ക ജ്വരത്തിനു കാരണമായ ജലാശയങ്ങളിലെ വെള്ളത്തിന്റെ പരിശോധനാഫലം ഇതുവരെ ആരോഗ്യ വകുപ്പിനു ലഭിച്ചില്ലെന്നാണു മന്ത്രി പറയുന്നത്. രണ്ടു മാസം മുന്‍പു രോഗം തിരുവനന്തപുരത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം വെള്ളത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചത്. പുതുച്ചേരിയിലെ ലാബിലാണ് സാംപിള്‍ പരിശോധിക്കുന്നത്. എന്നാല്‍, അതോടൊപ്പം അയച്ച രോഗബാധിതരുടെയും രോഗം സംശയിക്കുന്നവരുടെയും സാംപിളുകളുടെ ഫലം ആരോഗ്യ വകുപ്പിനു ലഭിക്കുകയും ചെയ്തു. എന്തുകൊണ്ടാണു രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയുന്ന പരിശോധനാഫലം മാത്രം വൈകുന്നതെന്ന ചോദ്യത്തിനും മറുപടിയില്ല.

അപൂര്‍വമായ അമീബിക് മസ്തിഷ്‌കജ്വരം ജില്ലയില്‍ രണ്ടാം ഘട്ട വ്യാപനം തുടരുകയാണ്. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളിലാണു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിയന്നൂര്‍, തിരുമല, നാവായിക്കുളം സ്വദേശികളായ നാലുപേര്‍ നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഈ വര്‍ഷം ആദ്യം രോഗം പിടിപെട്ട കാഞ്ഞിരംകുളം കണ്ണറവിള സ്വദേശി അഖില്‍ (27) ജൂലൈ 23ന് മരിച്ചു. തുടര്‍ന്നാണ് 10 പേര്‍ക്കു രോഗം സ്ഥിരീകരിച്ചത്. അവരെല്ലാം ആശുപത്രി വിട്ട ശേഷമാണ് നിലവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലു പേരും എസ്എടിയില്‍ ഒരാളും ഉള്‍പ്പെടെ അഞ്ചുപേര്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്നത്. രോഗത്തിന്റെ ഉറവിടം വ്യക്തമായി കണ്ടെത്താനോ അത്തരം ഉറവിടങ്ങളുമായി ബന്ധപ്പെടുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി നിരീക്ഷണം ഏര്‍പ്പെടുത്താനോ കഴിയാത്ത അവസ്ഥയാണ് നിലവില്‍. കഴിഞ്ഞ ദിവസം നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കു പുറമേ തിരുമല സ്വദേശിനിയായ 31 വയസ്സുകാരിക്കും അതിയന്നൂര്‍ മുള്ളുവിള സ്വദേശിനിയായ 27 വയസ്സുകാരിക്കുമാണു രോഗം സ്ഥിരീകരിച്ചിരുന്നത്. ഇരുവര്‍ക്കും രോഗം പിടിപെട്ടതിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരുമല സ്വദേശിനിയും മുള്ളുവിള സ്വദേശിനിയും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല. രണ്ടു മാസത്തിനിടെ 14 പേര്‍ക്കാണ് ജില്ലയില്‍ രോഗം പിടിപെട്ടത്.

ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ബോധവല്‍ക്കരണ, പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാനും ജില്ലാ ആരോഗ്യ വിഭാഗത്തിനു പിഴവ് സംഭവിക്കുന്നു. അതിന്റെ അടുത്ത ഇരയാണ് കഴിഞ്ഞ ദിവസം പുല്ലമ്പാറയില്‍നിന്ന് അമീബിക് മസ്തിഷ്‌കജ്വര ബാധിതയായി എസ്എടി ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്‍പതു വയസ്സുകാരി. അടുത്ത ബന്ധുക്കളോടുപോലും രോഗാവസ്ഥയോ വിവരങ്ങളോ പങ്കിടരുതെന്ന് ആശുപത്രി അധികൃതര്‍ക്കും കര്‍ശന നിര്‍ദേശമുണ്ട്. ആരോടു ചോദിക്കുമെന്നറിയാതെ കുഴയുകയാണ് നാട്ടുകാരും ജനപ്രതിനിധികളും. വിഷയത്തില്‍ മറുപടി നല്‍കേണ്ട കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒരു തരത്തിലും പ്രതികരിക്കുന്നില്ല. ആര്‍ക്കും മറുപടി നല്‍കേണ്ടെന്ന് ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയതായാണ് വിവരം. ജില്ലാ മെഡിക്കല്‍ ഓഫിസും ഫലപ്രദമായി ഇടപെടാത്ത അവസ്ഥയാണ്. ജനപ്രതിനിധികള്‍ക്കു പോലും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാത്തവിധം അകലം പാലിക്കുകയാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെ മറുപടി നല്‍കേണ്ട ഉദ്യോഗസ്ഥര്‍. രോഗം പടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളെ കുറിച്ചുള്ള ചോദ്യത്തിന്, ആരോഗ്യ മന്ത്രിയോടു ചോദിക്കണമെന്നായിരുന്നു കലക്ടറുടെ മറുപടി. ജനങ്ങളുടെ ആശങ്കയകറ്റേണ്ട ജില്ലാ ഭരണകൂടവും ജില്ലാതല ഉദ്യോഗസ്ഥരും ചോദ്യങ്ങളില്‍ നിന്നു മാറി നില്‍ക്കുന്നത് വീഴ്ച മറച്ചുപിടിക്കാനാണെന്ന ആരോപണവുമുണ്ട്.

പൈപ്പ് ജലത്തിലും മണ്ണിലും അമീബയുണ്ടാകാംമലിനജലവുമായും ജലാശയങ്ങളുമായും ബന്ധപ്പെടാത്തവരിലും അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യാമെന്ന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ശില്‍പശാലയില്‍ ഗവേഷകര്‍ അറിയിച്ചത് കൂടുതല്‍ ആശങ്ക ഉണ്ടാക്കുന്നതാണ്. സ്ഥിതി കൈവിട്ടു പോകാതിരിക്കാന്‍ അതീവജാഗ്രത പുലര്‍ത്തേണ്ട ഘട്ടമാണിത്. പൈപ്പ് വെള്ളത്തിലും മണ്ണിലും പോലും അമീബയുടെ സാന്നിധ്യമുണ്ടാകാമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മണ്ണിലെ അമീബയെ അപേക്ഷിച്ച്, ജലത്തിലൂടെ പകരുന്നത് കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നു വിദഗ്ധര്‍ പറയുന്നു. അന്തരീക്ഷത്തിലെ ചൂട് കൂടിയത് ഉള്‍പ്പെടെ കാലാവസ്ഥയിലുണ്ടായ മാറ്റം, മണ്ണിലും വെള്ളത്തിലുമുള്ള മാലിന്യത്തിന്റെ തോത് വര്‍ധിച്ചത്, കോവിഡനന്തര കാലത്ത് പ്രതിരോധശേഷി കുറഞ്ഞത് തുടങ്ങിയ സാഹചര്യങ്ങള്‍ അമീബിക് മസ്തിഷ്‌ക ജ്വരം കൂടാന്‍ കാരണമായിട്ടുണ്ടാകാമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതേപ്പറ്റി വിശദമായ പഠനം നടത്തുന്നത് ഇനിയും വൈകിയാല്‍ രോഗവ്യാപനം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാം അമീബിക് മസ്തിഷ്‌ക ജ്വരം നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നതാണ് ഏക ആശ്വാസം. രോഗം തുടക്കത്തിലേ കണ്ടെത്തിയാല്‍ മെല്‍റ്റിഫോസിന്‍ എന്ന മരുന്നുപയോഗിച്ചു വേഗം ഭേദമാക്കാനാകും. പനി, തലവേദന, കഴുത്ത് തിരിക്കാന്‍ കഴിയാത്ത വിധം പിന്‍ഭാഗം ദൃഡമാകുന്ന അവസ്ഥ തുടങ്ങിയ ലക്ഷണങ്ങളുള്ളവരില്‍ നിര്‍ബന്ധമായി പരിശോധന നടത്തണം. അടുത്തിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 10 പേരെ രോഗമുക്തരാക്കാന്‍ സാധിച്ചു. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മെല്‍റ്റിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ കഴിഞ്ഞത്. ആഗോള തലത്തില്‍ 97% മരണ നിരക്കുള്ള രോഗമാണിത്. എന്നാല്‍ കേരളത്തിലെ മരണ നിരക്ക് 26 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു. മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീട്ടമ്മയുടെ തലച്ചോറില്‍ എവിടെ നിന്നെത്തി അമീബ നേരത്തേ 8 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച അതിയന്നൂര്‍ പഞ്ചായത്തിലെ മുള്ളുവിള സ്വദേശിനിയായ വീട്ടമ്മയ്ക്ക് രോഗം പിടിപെട്ടതിന്റെ കാരണവും ദുരൂഹമാണ്. ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം മാത്രം ഉപയോഗിക്കുന്ന ഇവരുടെ തലച്ചോറില്‍ എവിടെ നിന്നാണ് അമീബ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 25ന് പനി ബാധിച്ചതാണ് തുടക്കം. അപസ്മാരവുമുണ്ടായി. വീടിനു സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനാല്‍ അടുത്ത ദിവസം വെണ്‍പകല്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും അന്നു തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. 28 മുതല്‍ ഈ മാസം 5 വരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു. ഭേദമായതിനെ തുടര്‍ന്ന് വീട്ടിലെത്തി. തുടര്‍ പരിശോധനയ്ക്കായി 20ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ യുവതിയെ അന്നു വീട്ടിലേക്കു വിട്ടെങ്കിലും 26ന് ആശുപത്രിയില്‍നിന്നു വിളിച്ച് അഡ്മിറ്റ് ആകണമെന്നു നിര്‍ദേശിക്കുകയുമായിരുന്നു. അന്നു തന്നെ സാംപിള്‍ പരിശോധനയ്ക്കു നല്‍കി. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ രോഗം പടര്‍ന്നതിന്റെ ഉറവിടം എന്നു കരുതുന്ന കണ്ണറവിള കാവിന്‍കുളത്തില്‍നിന്ന് സാംപിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ടെങ്കിലും ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനില്‍ കുമാര്‍ ജില്ലാ കലക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ ഫലം പുറത്തു വിട്ടിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *