ഡോക്ടറുമായി ബന്ധമെന്ന് സംശയം: ക്വട്ടേഷൻ നൽകിയത് നഴ്സിന്റെ ഭർത്താവ്; മകളെ വിവാഹം ചെയ്തു നൽകാമെന്ന് വാഗ്ദാനം
കാളിന്ദികുഞ്ച് ∙ സൗത്ത് ഡൽഹി കാളിന്ദി കുഞ്ചിലെ നഴ്സിങ് ഹോമിൽ യുനാനി ഡോക്ടർ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നിൽ ക്വട്ടേഷനെന്ന് പൊലീസ്. കേസിൽ 16 വയസ്സുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സിന്റെ ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്ന് പിടിയിലായ കൗമാരക്കാരൻ പൊലീസിനോടു പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കാളിന്ദി കുഞ്ചിലെ ജയിത്പുര എക്സ്റ്റൻഷനിലെ നിമ ആശുപത്രിയിലെ യുനാനി ഡോക്ടർ ജാവേദ് അക്തറെ (55) ചികിത്സയ്ക്ക് എന്നു പറഞ്ഞെത്തിയ 2 കൗമാരക്കാർ വെടിവച്ചു കൊലപ്പെടുത്തിയത്.
കാലിലെ മുറിവ് വച്ചുകെട്ടാനെന്നു പറഞ്ഞാണ് ഇവർ ആശുപത്രിയിലെത്തിയത്. അറ്റൻഡർ മുറിവ് വച്ചുകെട്ടിയ ശേഷം ഡോക്ടറുടെ മുറിയിലേക്കു പോയ ഇവർ ജാവേദിന്റെ തലയ്ക്കു വെടിവയ്ക്കുകയായിരുന്നു.സംഭവത്തിനു തൊട്ടുപിന്നാലെ ഇവരിലൊരാൾ ‘2024ൽ കൊലപാതകം ചെയ്തു (കർ ദിയ 2024 മേം മർഡർ)’ എന്ന അടിക്കുറിപ്പുമായി തോക്കും പിടിച്ചു നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കൂട്ടുപ്രതിക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
നഴ്സും ഡോക്ടറും തമ്മിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിലാണ് ഭർത്താവ് ഡോക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്.ഇവരുടെ മകളുമായി പ്രതികളിലൊരാൾ പ്രണയത്തിലായിരുന്നു. ജാവേദിനെ കൊലപ്പെടുത്തിയാൽ മകളെ വിവാഹം ചെയ്തു നൽകാമെന്ന് നഴ്സിന്റെ ഭർത്താവ് ഇയാൾക്ക് ഉറപ്പുനൽകിയിരുന്നു. നഴ്സിന്റെ ഭർത്താവ് നൽകിയ എടിഎം കാർഡ് ഉപയോഗിച്ച് ഇവർ പണം പിൻവലിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.