ഉൽവെ സമാജം ഓണാഘോഷവും ഒപ്പുശേഖരണവും.
നവിമുംബൈ : കേരള സമാജം ഉൽവെ നോഡ് (KSUN) ഒക്ടോബർ 6-ാം തീയ്യതി രാവിലെ 9 മണി മുതൽ ഉൽവെ രാം ഷേത്ത് ഠാക്കുർ ഇന്റർനാഷണൽ സ്പോർട്ട്സ് കോംപ്ലക്സിൽ വച്ച് ഓണാഘോഷം നടത്തുന്നു. ചെണ്ട മേളവും മാവേലിയുടെ എഴുന്നള്ളത്തിനുമൊപ്പം വൈവിധ്യമാർന്ന കലാപ്രകടനങ്ങളും ഓണാഘോഷത്തിന് മാറ്റുകൂട്ടും. ഉൽവെ മുതൽ ഉരൺ വരെയുള്ള മേഖലകളിലേക്കുള്ള റയിൽവേ സർവ്വീസുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓണാഘോഷത്തോടൊപ്പം ഒപ്പുശേഖരണവും നടക്കും .
ആറു വർഷം മുമ്പ് നെരൂളിൽ നിന്നും ബേലാപ്പൂരിൽ നിന്നും ഖാർ കോപ്പർ വരെ മാത്രം ആരംഭിച്ച ട്രയിൻ സർവ്വീസുകൾ ഉരൺ വരെ നീട്ടിയിട്ടും സമയ ക്രമത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നത് ആ മേഖലയിൽ താമസിക്കുന്ന സാധാരണക്കാരായ പതിനായിരങ്ങളുടെ പ്രശ്‌നമാണ്.ഇത് പരിഹരിക്കാൻ റെയിൽവേ അധികാരികൾ മുന്നോട്ടുവരണം എന്ന് സമാജം ആവശ്യപ്പെടുന്നു. അടിയന്തിര നടപടി ഈ വിഷയത്തിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒപ്പ് ശേഖരണം നടത്തുന്നതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.