ഒളിംപിക് അസോസിയേഷൻ പ്രതിസന്ധി: പ്രത്യേക യോഗം വിളിച്ച് പി.ടി. ഉഷ
ന്യൂഡൽഹി ∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) സിഇഒ നിയമനവും ട്രഷറർ സഹ്‌ദേവ് യാദവിനെതിരായ അഴിമതി ആരോപണവും ചർച്ച ചെയ്യാൻ ഐഒഎ പ്രസിഡന്റ് പി.ടി. ഉഷ പ്രത്യേകയോഗം വിളിച്ചു. ഐഒഎ ഭരണവുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യമാണ് നിലവിലുള്ളതെന്നും വിഷയങ്ങളിൽ ഉചിതമായ തീരുമാനമെടുക്കേണ്ടതുണ്ടെന്നും ഉഷ ഭരണസമിതിയിലെ അംഗങ്ങൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ പറയുന്നു. 25നു രാവിലെ ഐഒഎ ഭവനിലാണു ഭരണസമിതിയുടെ പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്.
നേരിട്ടെത്താൻ സാധിക്കാത്തവർ ഓൺലൈൻ വഴി യോഗത്തിൽ ഭാഗമാകണമെന്നും നിർദേശിക്കുന്നു. രഘുറാം അയ്യരെ സിഇഒയായി നിയമിച്ചതു ചർച്ച ചെയ്യാൻ കഴിഞ്ഞ 26നു ഭരണസമിതി ചേർന്നെങ്കിലും അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്നു യോഗം അലസിപ്പിരിഞ്ഞിരുന്നു. ദേശീയ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനെതിരെയുള്ള നടപടിയൊഴിവാക്കാൻ ഐഒഎ രാജ്യാന്തര വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷനു 1.75 കോടി രൂപ പിഴത്തുക നൽകിയത് ട്രഷറർ സഹ്‌ദേവ് യാദവിന്റെ നേതൃത്വത്തിലാണ്. ചട്ടവിരുദ്ധമായുള്ള ഈ നടപടി ഐഒഎയ്ക്കു വലിയ ബാധ്യതയുണ്ടാക്കിയെന്നാണ് ആരോപണം.