‘ചിരിച്ചു തള്ളാനാവില്ല’ പിആർ അഭിമുഖം; മുഖ്യമന്ത്രി വന്നാൽ ഈച്ചപോലും കടക്കാത്ത കേരള ഹൗസിൽ സുരക്ഷാവീഴ്ച?
ന്യൂഡൽഹി ∙ പിആർ ഏജൻസി പ്രതിനിധി അനുമതിയില്ലാതെ മുറിയിലെത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ കേരള ഹൗസിലെ ഗുരുതര സുരക്ഷാവീഴ്ച സമ്മതിക്കുന്നതിനു തുല്യമായി. അഭിമുഖം നൽകിയത് ഇംഗ്ലിഷ് ദിനപത്രത്തിന്റെ ലേഖികയ്ക്കാണെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഒപ്പമുണ്ടായിരുന്നവർ ലേഖികയ്‌ക്കൊപ്പം എത്തിയതാണെന്നാണ് ധരിച്ചതെന്നു കൂടി മുഖ്യമന്ത്രി വെളിപ്പെടുത്തിയതോടെ അതീവ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ മുറിയിലേക്ക് അപരിചിതൻ എത്തിയത് ദുരൂഹമായി.
മുഖ്യമന്ത്രിയെത്തിയാൽ അനുമതിയില്ലാതെ ‘ഈച്ചപോലും’ കടക്കാത്ത രീതിയിലാണ് കേരള ഹൗസിലെ സുരക്ഷാവിന്യാസം. കേരള ഹൗസ് വളപ്പിലെ കൊച്ചിൻ ഹൗസിലാണ് മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ വിവിഐപികളുടെ മുറി. ഡൽഹി ജന്തർ മന്ദിർ റോഡിലുള്ള കേരള ഹൗസിലേക്ക് പ്രധാന കവാടം മുതൽ സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധന പതിവാണ്. മുഖ്യമന്ത്രിയെത്തിയാൽ സുരക്ഷ പതിന്മടങ്ങാകും. ഡൽഹി, കേരള പൊലീസ് സേനകളിൽനിന്നു കുറഞ്ഞത് 20 ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് മുഖ്യമന്ത്രിയുടെ ഡൽഹിയിലെ താമസവും യാത്രകളും.
മുഖ്യമന്ത്രി എത്തുന്നതിന് 2 ദിവസം മുൻപേ സുരക്ഷാസംഘം ഡൽഹിയിലെത്തും. സിഐ, എസ്ഐ റാങ്കിലുള്ള 2 ഉദ്യോഗസ്ഥരുടെ കീഴിൽ 10 മുതൽ 16 വരെ കേരള പൊലീസ് അംഗങ്ങളുണ്ടാകും. ഇതുകൂടാതെയാണ് എസ്കോർട്ട് വാഹനമടക്കം അഞ്ചോ ആറോ പേരടങ്ങുന്ന ഡൽഹി പൊലീസിന്റെ സുരക്ഷാസംഘം. ഇവർക്ക് പക്ഷേ, മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിൻ ഹൗസിൽ പ്രവേശനമില്ല. കൊച്ചിൻ ഹൗസിന്റെ പ്രധാന വാതിലിൽ അഞ്ചോളം സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലുണ്ട്. 20 സിസിടിവി ക്യാമറകളാണു വിവിധ ഭാഗങ്ങളിലുള്ളത്.
അഭിമുഖം നടന്ന സെപ്റ്റംബർ 29ന് കൊച്ചിൻ ഹൗസിന്റെ ഒന്നാം നിലയിലെ ‘വേമ്പനാട്’ എന്നു പേരുള്ള മുറിയിലാണ് മുഖ്യമന്ത്രി താമസിച്ചിരുന്നത്. ഇതിനുള്ളിലെ സ്വീകരണ മുറിയിലായിരുന്നു ഇന്റർവ്യൂ നടന്നത്. ഈ മുറിക്ക് പുറത്ത് 24 മണിക്കൂറും ഗാർഡുണ്ട്. മുൻകൂർ അനുമതി ഉള്ളവരെ മാത്രം പ്രവേശിപ്പിക്കുന്നിടത്ത് മുഖ്യമന്ത്രിയുടെ മുറി വരെ അപരിചിതൻ എങ്ങനെയെത്തി എന്നത് ദുരൂഹമാണ്.