മോദി വരില്ല :നവിമുബൈ വിമാനത്താവളത്തിലേക്ക് കേന്ദ്ര പ്രതിരോധ -വ്യോമയാന വകുപ്പ് മന്ത്രിമാരെ ക്ഷണിച്ചു.
മുംബൈ :നവിമുംബൈ വിമാനത്താവളത്തിലെ റൺവേയിൽ വിമാനം ഇറക്കികൊണ്ടുള്ള പരീക്ഷണം കാണാൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിങ്ങിനെയും വ്യോമയാന വകുപ്പ് മന്ത്രി റാംമോഹൻ നായിഡുവിനേയും സംസ്ഥാന സർക്കാർ ക്ഷണിച്ചു .
ഒക്ടോബർ 5 ന് നടക്കുന്ന വായുസേനയുടെ ‘എയർ ക്രാഫ്റ്റ് ലാൻഡിങ് ‘ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വിദർഭയിലും താനയിലുമായി മറ്റുചില പരിപാടികളിൽ അദ്ദേഹത്തിന് പങ്കെടുക്കേണ്ടതുകൊണ്ടാണ് നവിമുംബൈയിലെ സന്ദർശനം റദ്ദാക്കേണ്ടി വന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
3,750 മീറ്റർ റൺവേയിൽ സി-130ജെ ട്രാൻസ്പോർട്ട് വിമാനവും എസ്യു-30 യുദ്ധവിമാനവും ഇറക്കുന്നത് സംബന്ധിച്ച് സിഡ്കോ ഇന്ത്യൻ വ്യോമസേനയുമായി ചർച്ച നടത്തിവരികയാണ്.
റൺവേയുടെ നിർമ്മാണം പൂർണമായും പൂർത്തിയായിക്കഴിഞ്ഞ നവിമുംബൈ വിമാനത്താവളത്തിൻ്റെ
നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത് സിറ്റി ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷനും (സിഡ്കോ) കരാർഏറ്റെടുത്തിരിക്കുന്നത് അദാനി എയർപോർട്ട്സുമാണ് .
നാല് ടെർമിനലുകളുള്ള വിമാനത്താവളം നവിമുംബയുടെയും പരിസര പ്രദേശങ്ങ ളൂ ടെയും വികസനത്തിൽ സുപ്രധാന പങ്കു വഹിക്കും. ഉൾവ നോഡിൽ 1160 ഹെക്റ്റർ സ്ഥലത്ത് രണ്ടു ഘട്ടങ്ങളിലായാണ് വിമാനത്താവളം വികസിപ്പിക്കുക. .ഇതിൻ്റെ ആദ്യ ഘട്ടം പൂർത്തിയാകൂക 2025 മാർച്ചിൽ ആയിരിക്കും.വർഷം 9 കോടി യാത്രക്കാരെയും 25ലക്ഷം ടൺ കാർഗോയും ഉൾക്കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിന് ഉണ്ടാകും. പൂർണ്ണമായും പാരിസ്ഥിതിക സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഹരിത വിമാനത്താവളമായിരിക്കും നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം .