‘എൽസി സെക്രട്ടറി പീഡിപ്പിച്ചു, അഴിമതിക്കാരനെന്ന് പ്രചരിപ്പിച്ചു’: സിപിഎം ബ്രാ‍ഞ്ച് കമ്മിറ്റി അംഗത്തിന്റെ മരണത്തിൽ വിവാദം

0

കൊച്ചി ∙  എറണാകുളം പറവൂരിലെ സിപിഎം ബ്രാ‍ഞ്ച് കമ്മിറ്റി അംഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദം. സിപിഎം നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമായ പറവൂർ നന്ത്യാട്ടുകുന്നം അഞ്ചൻചേരിയിൽ പി.തമ്പിയെ (64) ഇന്നലെ കൊച്ചിയിലെ ഹോട്ടൽ മുറിയിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്.മരിക്കുന്നതിനു മുൻപു ചില സുഹൃത്തുക്കൾക്കു തമ്പി അയച്ച വാട്സാപ് സന്ദേശം പുറത്തു വന്നിരുന്നു.‘പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പീഡിപ്പിച്ചതിനും പാർട്ടി സഖാക്കളോടും അനുഭാവികളോടും തന്നെ അഴിമതിക്കാരനും വഞ്ചകനുമാണെന്ന് പ്രചരിപ്പിച്ച് നാറ്റിച്ചതിനും തന്റെ പാർട്ടി ജീവിതം അവസാനിപ്പിക്കുമെന്നും, ഭീഷണിപ്പെടുത്തിയതിനു സംസ്ഥാന സെക്രട്ടറി, ജില്ലാ സെക്രട്ടറി, ഏരിയ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എസ്.ശർമ എന്നിവർക്കു പരാതി റജിസ്റ്റേഡ് ആയി അയച്ചിട്ടുണ്ട്’ എന്നുമാണ് സന്ദേശം.

വ്യക്തിപരമായ പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ലഭിച്ച പരാതി തമ്പിയോട് അന്വേഷിക്കുക മാത്രമാണ് ഉണ്ടായതെന്നും ആത്മഹത്യയിൽ ഉത്തരവാദിത്തമില്ലെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ നിലപാട്. തിരുവനന്തപുരത്തു പോകുന്നുവെന്നു പറഞ്ഞ് തിങ്കളാഴ്ചയാണു തമ്പി വീട്ടിൽനിന്ന് ഇറങ്ങിയത്. ചൊവ്വാഴ്ച തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ എത്തിയില്ല. ഫോണിലും കിട്ടാതായതോടെ കുടുംബം പറവൂർ പൊലീസിനെ സമീപിച്ചു.പ്രാഥമികാന്വേഷണത്തിൽ ഫോൺ അവസാനമായി ഉണ്ടായിരുന്നത് എറണാകുളം നോർത്തിലാണെന്ന് മനസ്സിലായി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം നോർത്തിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പറവൂർ മുൻസിഫ് കോടതിയിലെ റിട്ട. ബെഞ്ച് ക്ലർക്കായ തമ്പി മത്സ്യത്താഴിലാളി യൂണിയൻ ഏഴിക്കര വില്ലേജ് ട്രഷറർ, ഇഎംഎസ് സാംസ്കാരിക പഠനകേന്ദ്രം കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ സജീവമായിരുന്നു. ഏഴിക്കരയിലെ പാർട്ടിയുടെ നിലവിലെ നേതൃത്വവുമായി രസത്തിലല്ലായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.ഇതിനിടെയാണ് സെപ്റ്റംബർ 11ന് ഏഴിക്കര ലോക്കൽ കമ്മിറ്റിയുടെ ഭാഗമായ നന്ത്യാട്ടുകുന്നം വെസ്റ്റ് ബ്രാഞ്ച് സമ്മേളനം നടന്നത്. ഈ സമ്മേളനത്തിൽ അംഗങ്ങൾ തമ്മിൽ തർക്കം നടന്നിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തർക്കമോ കയ്യാങ്കളിയോ നടന്നിട്ടില്ലെന്നും തമ്പിയുമായി ബന്ധപ്പെട്ട ഒരു പണമിടപാടിന്റെ വിവരങ്ങൾ തേടുക മാത്രമാണു ചെയ്തതെന്നുമാണ് ഏരിയാ കമ്മിറ്റി നേതൃത്വത്തിന്റെ വിശദീകരണം.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ള പാർട്ടി അംഗത്തിൽനിന്ന് 19 ലക്ഷം രൂപ തമ്പി വാങ്ങിയിരുന്നു എന്നു പറയപ്പെടുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്ന് ഇയാള്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഇത് സംസ്ഥാന നേതൃത്വം എറണാകുളം ജില്ലാ കമ്മിറ്റിക്ക് അയച്ചതിനെ തുടർന്നാണ് ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ചയായതെന്നും പണം എത്രയും വേഗം തിരിച്ചു കൊടുക്കാൻ തമ്പിക്ക് നിർദേശം നൽകിയിരുന്നു എന്നും ഏരിയാ കമ്മിറ്റി നേതൃത്വം പറയുന്നു.അതേസമയം, 19 ലക്ഷം രൂപ വാങ്ങിയത് മറ്റൊരാൾക്ക് വേണ്ടിയായിരുന്നു എന്നും ഇയാള്‍ പറഞ്ഞ സമയത്ത് മടക്കി നൽകാതിരുന്നതു മൂലമാണ് പണം തിരികെ നൽകാൻ സാധിക്കാതിരുന്നത് എന്ന് തമ്പിയുമായി ബന്ധപ്പെട്ടവർ പറയുന്നു.

തന്നെ അഴിമതിക്കാരനും മോശക്കാരനുമാക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തമ്പി 4 പേജുള്ള പരാതി പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഉൾപ്പെടെ അയച്ചിരുന്നുവെന്നും ഇവർ പറയുന്നു.പണം നൽകാനുള്ളതുമായി ബന്ധപ്പെട്ട വിഷയത്തിൽ മേൽകമ്മിറ്റി നേതൃത്വം തമ്പിയെ നിരന്തരം സമ്മർദത്തിലാക്കിയിരുന്നു എന്നും ആരോപണമുണ്ട്. സംസ്ഥാന നേതൃത്വവും ഇടപെട്ടിട്ടും പണം തിരികെ നൽകാനുള്ള തീയതിക്കു ശേഷവും തമ്പിക്ക് അതിനു സാധിച്ചില്ലെന്നും പണം ലഭിക്കാനുള്ളവർ അതിനു ശേഷം നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും പറയപ്പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *