‘തീപ്പെട്ടിയുണ്ടോ സഖാവേ?’: ചെരാത് തെളിക്കാൻ നെട്ടോട്ടം; സദസ്സിൽ ചിരിയോടെ മുഖ്യമന്ത്രി
കൊട്ടാരക്കര ∙ ‘മാലിന്യ മുക്തം നവകേരളം’ ജനകീയ ക്യാംപെയ്നിന്റെ ഉദ്ഘാടന വേദിയിൽ ചെരാത് തെളിക്കാൻ തീപ്പെട്ടിക്കു വേണ്ടിയുള്ള നെട്ടോട്ടം ആസ്വദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. മൺചെരാതും കൈവിളക്കും റെഡി. എന്നാൽ തീപ്പെട്ടി മാത്രമില്ല. കൊട്ടാരക്കര നഗരസഭ ചെയർമാനും സംഘാടക സമിതി അധ്യക്ഷനുമായ എസ്.ആർ.രമേശ് തീപ്പെട്ടിക്കായി പരതി. ആരുടെയും കയ്യിലില്ല.
പുറത്തുണ്ടായിരുന്ന ആരുടെയോ പക്കലുള്ള തീപ്പെട്ടി ഒടുവിൽ വേദിയിലെത്തി. അങ്ങനെ എല്ലാവരും ചിരിയോടെ കൈവിളക്ക് തെളിച്ച് മുഖ്യമന്ത്രിക്ക് കൈമാറി. തിരിതെളിക്കാൻ വൈകിയെങ്കിലും മുഖ്യമന്ത്രി ചെറുചിരിയോടെയാണ് തീപ്പെട്ടിക്കു വേണ്ടിയുള്ള നെട്ടോട്ടം ആസ്വദിച്ചത്. പരിപാടിയുടെ ഉദ്ഘാടനത്തിനായി കൊട്ടാരക്കരയിൽ ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രി കാറിലാണു തിരികെ പോയത്. മഴ കാരണം ഹെലികോപ്റ്ററിന്റെ മടക്കയാത്ര സാധ്യമായില്ല.
ഇന്നലെ രാവിലെ പത്തേകാലോടെ കൊട്ടാരക്കര എസ്ജി കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണു മുഖ്യമന്ത്രി എത്തിയത്. അവിടെനിന്നു റെസ്റ്റ് ഹൗസിലെത്തിയ ശേഷം പുലമണിലെ ഉദ്ഘാടന വേദിയിലേക്ക് എത്തുകയായിരുന്നു. തിരികെ ഹെലികോപ്റ്ററിൽ മടങ്ങാൻ 12 മണിയോടെ കാറിൽ കോളജ് ഗ്രൗണ്ടിലെത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം യാത്ര ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് അകമ്പടിയോടെ ഔദ്യോഗിക കാറിൽ മടങ്ങുകയായിരുന്നു. ഉദ്ഘാടന സമയത്തും മഴയായിരുന്നു.