സർക്കാർ നയങ്ങൾക്കെതിരെ എൻസിപി പ്രതിഷേധ മാർച്ച് നടത്തി
മുംബൈ : ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മുംബൈയിൽ ലോംഗ് മാർച്ച് നടത്തി.
മഹാത്മാഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര മന്ത്രാലയയ്ക്ക് സമീപമുള്ള മഹാത്മാഗാന്ധി പ്രതിമയിൽ നിന്ന് ആരംഭിച്ച് ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപമുള്ള ലാൽ ബഹദൂർ ശാസ്ത്രി പ്രതിമയിൽ സമാപിച്ചു.
സുപ്രിയ സുലെ, ജയന്ത് പാട്ടീൽ, ജിതേന്ദ്ര അവ്ഹാദ്, രാജേഷ് ടോപെ, രോഹിണി ഖഡ്സെ, രാഖി ജാദവ് എന്നിവരുൾപ്പെടെ പ്രമുഖ എൻസിപി (എസ്പി) നേതാക്കളും പ്രകടനത്തിൽ പങ്കെടുത്തു.
മാർച്ചിനുശേഷം എൻസിപി (എസ്പി) അധ്യക്ഷൻ ജയന്ത് പാട്ടീലീൻെറ നേതൃത്തത്തിൽ ” മഹാരാഷ്ട്ര അതിൻ്റെ അവകാശങ്ങൾ ആവശ്യപ്പെടുന്നു ” എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചു . 7030120012 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയോ കാമ്പെയ്നിൻ്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തോ പൗരന്മാർക്ക് ഈ സംരംഭത്തിൽ ചേരാം, ഇത് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ, കൃഷി, സാമൂഹിക നീതി, യുവജനകാര്യങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, കുറ്റകൃത്യങ്ങൾ, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ സംസ്ഥാന വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും..
“ഡൽഹി സിംഹാസനത്തെപ്പോലും മുട്ടുകുത്തിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര, മഹാരാഷ്ട്രയുടെ പങ്കാളിത്തമില്ലാതെ ഈ രാജ്യത്തെ ഭരണചരിത്രം ഒരിക്കലും പുരോഗമിച്ചിട്ടില്ല. , 2014 മുതൽ, കേന്ദ്രത്തിലെ മോദി സർക്കാരും കഴിഞ്ഞ രണ്ടര വർഷമായി സംസ്ഥാനത്തെ ‘ഭരണഘടനാവിരുദ്ധ’ മഹായുതി സർക്കാരും കാരണം, സംസ്ഥാനത്തിൻ്റെ മഹത്തായ പൈതൃകം തുരങ്കം വയ്ക്കപ്പെടുകയാണ് ” ജയന്ത് പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
“ശിവാജി, ഫുലെ, ഷാഹു, അംബേദ്കർ തുടങ്ങിയ ചരിത്രപുരുഷന്മാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുരോഗമന ആശയങ്ങൾ നമ്മൾ പുനരുജ്ജീവിപ്പിക്കണം . മഹായുതി സർക്കാരിൻ്റെ ദുർഭരണത്തിനെതിരെ ഒരു കുറ്റപത്രവും ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്,” പാട്ടീൽ കൂട്ടിച്ചേർത്തു.
പ്രചാരണത്തിൻ്റെ ഭാഗമായി, നിലവിലെ ഭരണത്തോടുള്ള പൊതുജനങ്ങളുടെ അതൃപ്തി അറിയിക്കാനും പ്രചരിപ്പിക്കാനും ലക്ഷ്യമിട്ട് “ഹക്ക് മഗ്തോയ് മഹാരാഷ്ട്ര”(മഹാരാഷ്ട്ര അതിൻ്റെ അവകാശങ്ങൾ ആവശ്യപ്പെടുന്നു) എന്ന ഗാനവും ഗാന്ധിജയന്തി ദിനത്തിൽ എൻസിപി ശരദ് പവാർ വിഭാഗം പുറത്തിറക്കി .