ഇറാന്റെ മിസൈൽ വർഷത്തിന് ‘അന്തകനായി’ അയൺ ഡോം, തിരിച്ചടിക്കാൻ ഇസ്രയേൽ: ആയുധപ്പുരയിൽ എന്തൊക്കെ?
ജറുസലേം ∙ മധ്യപൂർവദേശത്ത് യുദ്ധഭീതി പടരുകയാണ്. ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ വർഷിച്ചതോടെ ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഉൾപ്പെടെയാണ് ഇസ്രയേലിന്റെ മണ്ണിലേക്ക് ഇറാൻ തൊടുത്തുവിട്ടത്. എന്നാൽ അതിൽ ഭൂരിഭാഗവും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ഇസ്രയേലിന്റെ അയൺ ഡോമും ആരോ സംവിധാനവുമാണ് ഇറാന്റെ മിസൈലുകളെ പ്രതിരോധിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ച് അറിയാം.
ത്രിതല പ്രതിരോധ സംവിധാനം
ഇസ്രയേലിന്റെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഏറ്റവും അറിയപ്പെടുന്നത് അയൺ ഡോം ആണ്. ശത്രു മിസൈലുകളെ ആകാശത്തു വച്ചു തന്നെ തിരിച്ചറിയാനും അതിവേഗം അതിന്റെ സഞ്ചാരപാത മനസ്സിലാക്കി കൃത്യതയോടെ മിസൈലുകള്‍ അയച്ച് അവയെ തകര്‍ക്കാനും അയണ്‍ ഡോമിന് കഴിയും. 2011 മാര്‍ച്ചിലാണ് ആദ്യത്തെ അയൺ ഡോം സംവിധാനം ഇസ്രയേല്‍ സ്ഥാപിച്ചത്. ലോകത്തെ ഏറ്റവും ആധുനിക വ്യോമ പ്രതിരോധ സംവിധാനമായാണ് അയണ്‍ ഡോമിനെ കണക്കാക്കുന്നത്. മിസൈലുകളുടെ വരവും വേഗവും കണക്കുകൂട്ടാന്‍ റഡാറുകളെയാണ് അയണ്‍ ഡോം ഉപയോഗിക്കുന്നത്. ഇസ്രയേലിൽ കുറഞ്ഞത് 10 അയൺ ഡോം സംവിധാനങ്ങളുണ്ട്.
അത്യാധുനിക സുരക്ഷയൊരുക്കുന്ന ഇസ്രയേൽ പ്രതിരോധ സംവിധാനത്തിന്റെ ഏറ്റവും താഴെയുള്ള പാളിയാണ് അയൺ ഡോം. ഹ്രസ്വവും ഇടത്തരവുമായ മിസൈൽ ഭീഷണിയിൽനിന്ന് രക്ഷിക്കുന്ന അടുത്ത സംവിധാനം ഡേവിഡ്‌സ് സ്ലിങ്ങാണ്. ഇസ്രയേലും അമേരിക്കയും സംയുക്തമായി ഒരുക്കിയ പ്രതിരോധ സംവിധാനമാണിത്. ശത്രുവിമാനങ്ങൾ, ഡ്രോണുകൾ, തന്ത്രപരമായ ബാലിസ്റ്റിക് മിസൈലുകൾ, റോക്കറ്റുകൾ, ക്രൂസ് മിസൈലുകൾ എന്നിവയെ 40 മുതൽ 300 കിലോമീറ്റർ (25 മുതൽ 190 മൈൽ വരെ) വരെ സഞ്ചരിച്ച് തടയുന്നതിനായി രൂപകൽപന ചെയ്ത സംവിധാനമാണിത്.
ഡേവിഡ് സ്ലിങ്ങിന് മുകളിലായി ആരോ 2, ആരോ 3 എന്നീ സംവിധാനങ്ങളുമുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ ആക്രമിക്കാനായി ഈ സംവിധാനം പ്രയോജനപ്പെടുത്തും. ആരോ 2 ന് പരമാവധി 56 മൈൽ ദൂരത്തിലും 32 മൈൽ ഉയരത്തിലും സഞ്ചരിക്കാനാകും. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിന്റെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുൻപു തന്നെ അവയെ തടയാൻ ആരോ 3 ഹിറ്റ്-ടു-കിൽ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു.
ഇസ്രയേലിന്റെ സൈനികക്കരുത്ത്
ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ 2023 ലെ കണക്കനുസരിച്ച്, ഇസ്രയേൽ കരസേനയിലും നാവികസേനയിലും അർധസൈനിക വിഭാഗത്തിലുമായി 1,69,500 സജീവ സൈനികരുണ്ട്. 465,000 പേർ റിസർവ് ഫോഴ്സിലുണ്ട്. ഇസ്രയേലിൽ 18 വയസ്സു കഴിഞ്ഞ പുരുഷൻമാർ 32 മാസവും സ്ത്രീകൾ 24 മാസവും നിർബന്ധിത സൈനിക സേവനം ചെയ്യേണ്ടതുണ്ട്. 2,200 ടാങ്കുകളും 530 പീരങ്കികളുമുണ്ട്. ഇതുകൂടാതെ എഫ്–16 ജെറ്റ് (196 എണ്ണം), എഫ്–15 ജെറ്റ് (83 എണ്ണം), എഫ്–35 ജെറ്റ് (30 എണ്ണം), അപ്പാച്ചെ ഹെലികോപ്റ്റർ (43 എണ്ണം) എന്നിവയും ഇസ്രയേൽ സൈന്യത്തിനുണ്ട്.