കടംകേറി മുടിഞ്ഞാലും കേരളം അനങ്ങില്ല, കെടുകാര്യസ്ഥതയുടെ ‘പള്ളിവാസൽ’ മാതൃക
17 വർഷവും എട്ടു മാസവും! പള്ളിവാസൽ വിപുലീകരണ പദ്ധതി യാഥാർഥ്യമാകുന്നത് രണ്ടു ദശകത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ്. പദ്ധതിക്കായി അണക്കെട്ട് നിർമിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ടണൽ മുതൽ പവർഹൗസ് വരെ മാത്രം നിർമിക്കേണ്ട ചെറുകിട ജലവൈദ്യുതപദ്ധതിയായിരുന്നു പള്ളിവാസൽ വിപുലീകരണ പദ്ധതി. 2007 മാർച്ച് ഒന്നിന് ആരംഭിച്ച പദ്ധതിയുടെ എസ്റ്റിമേറ്റ് 250 കോടി രൂപയായിരുന്നു. നാലു വർഷം കൊണ്ട് പണി പൂർത്തിയാക്കി കെഎസ്ഇബിക്ക് കൈമാറണമെന്നായിരുന്നു കരാർ. 2024 ൽ പദ്ധതി കമ്മിഷനിങ്ങിന് ഒരുങ്ങുമ്പോൾ ആകെ ചെലവ് 600 കോടി രൂപ. 60 മെഗാവാട്ട് പദ്ധതിയുടെ ഒരു ദിവസത്തെ ഉൽപാദനക്ഷമത 15 ലക്ഷം യൂണിറ്റ് വൈദ്യുതിയാണെങ്കിൽ, യൂണിറ്റിന് ശരാശരി 5 രൂപ വച്ച് കണക്കാക്കിയാൽ പോലും ഒരു ദിവസത്തെ ഉൽപാദന നഷ്ടം 75 ലക്ഷം രൂപ! നഷ്ടം ആരുടേതാണ്? സംശയമെന്ത്, നികുതിദായകരായ പൊതുജനങ്ങളുടേതുതന്നെ. ശമ്പളം കൊടുക്കാനും പെൻഷനെടുക്കാനും പ്രതിദിനം 100 കോടി രൂപ വീതം കടമെടുത്തുകൊണ്ടിരിക്കുകയാണ് സംസ്ഥാനം. ആ കടത്തിന്റെ വലിയൊരു ഭാഗം വൈദ്യുതി വാങ്ങുന്നതിന് വേണ്ടിയാണ്.പള്ളിവാസൽ പദ്ധതി മാത്രമല്ല, ആ പട്ടികയിൽ 125 ചെറുകിട വൈദ്യുതപദ്ധതികൾ വേറെയുമുണ്ട്. പള്ളിവാസൽ വിപുലീകരണ പദ്ധതിക്കൊപ്പം കമ്മിഷൻ ചെയ്യുന്ന തൊട്ടിയാർ പദ്ധതി പൂർത്തിയാകുന്നത് 15 വർഷമെടുത്താണ്, ഭൂതത്താൻകെട്ട് പദ്ധതി ആരംഭിച്ചിട്ട് 30 വർഷം കഴിഞ്ഞു.