താത്ക്കാലിക ജാമ്യം അനുവദിച്ചിട്ടും ഒളിച്ചുകളി തുടർന്ന് സിദ്ദിഖ്; അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കമെന്ത്?

0

 

കൊച്ചി ∙  ബലാൽസംഗ കേസിൽ സുപ്രീം കോടതി താത്ക്കാലിക ജാമ്യം അനുവദിച്ചിട്ടും ഒളിച്ചുകളിച്ച് നടൻ സിദ്ദിഖും പൊലീസും. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനു പിന്നാലെ ഒളിവിൽ പോയ സിദ്ദിഖ് ഇപ്പോഴും പുറത്തുവന്നിട്ടില്ല. സുപ്രീം കോടതിയിൽ‍നിന്ന് ആശ്വാസ വിധി നേടുന്നതിനു മുമ്പ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ആരോപണങ്ങളുയർന്നിരുന്നു. സിദ്ദിഖിന്റെയും പ്രത്യേകാന്വേഷണ സംഘത്തിന്റെയും അടുത്ത നീക്കമെന്ത് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

സിദ്ദിഖ് സ്വമേധയാ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായേക്കില്ല എന്നാണ് സൂചന. ഇത്തരത്തിൽ ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം നോട്ടിസ് നൽകി ഹാജരാകാൻ ആവശ്യപ്പെട്ടാൽ അപ്രകാരം ചെയ്യാനാണ് സിദ്ദിഖിന്റെ ആലോചനയെന്നാണ് റിപ്പോര്‍ട്ടുകൾ. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകളും സെഷൻസ് കോടതിക്ക് തീരുമാനിക്കാം. ഇത്തരത്തിൽ മുൻകൂർ ജാമ്യം നേടിയ മുകേഷിനെയും ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു വിട്ടയച്ചിരുന്നു.

സിദ്ദിഖിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. എസ്ഐടിക്ക് ലഭിക്കുന്ന നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കണോ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുക. ഈ മാസം 22ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുമ്പോൾ താത്കാലിക മുൻകൂർ ജാമ്യം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിക്കണമെങ്കിൽ, ഏതു മാർഗം സ്വീകരിക്കണമെന്നും അന്വേഷണ സംഘം പരിശോധിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *