ഓഹരിക്ക് ‘ചൈനീസ് പാര’; സെൻസെക്സ് 1000 പോയിന്റ് ഇടിഞ്ഞു; റിയൽ എസ്റ്റേറ്റ് കൂപ്പുകുത്തി, മെറ്റലുകൾക്ക് തിളക്കം
വിദേശത്തുനിന്ന് വീശിയടിച്ച നെഗറ്റീവ് കാറ്റിനൊപ്പം ആഭ്യന്തരതലത്തിൽനിന്നുള്ള തിരിച്ചടികളും ചേർന്നതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നു വ്യാപാരം ചെയ്യുന്നത് കനത്ത ഇടിവിൽ. സെൻസെക്സ് ഒരുവേള 1,000 പോയിന്റിലേറെ ഇടിഞ്ഞ് 84,530 വരെയെത്തി. നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്കു കടക്കുമ്പോൾ സൂചികയുള്ളത് 954 പോയിന്റ് (-1.12%) താഴ്ന്ന് 84,617ൽ. ഒരുവേള ഇന്ന് 300ലേറെ പോയിന്റ് ഇടിഞ്ഞ നിഫ്റ്റി ഇപ്പോഴുള്ളത് 284 പോയിന്റ് (-1.09%) നഷ്ടവുമായി 25,894ൽ. 25,882 വരെ താഴ്ന്നശേഷമാണ് നഷ്ടം നിജപ്പെടുത്തിയത്. വിശാല വിപണിയിൽ നിഫ്റ്റി ഓട്ടോ 1.60%, ഫിനാൻഷ്യൽ സർവീസസ് 1.41%, ഐടി 0.72%, സ്വകാര്യബാങ്ക് 1.50%, റിയൽറ്റി 2% എന്നിങ്ങനെ ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി 1.39% നഷ്ടത്തിലാണുള്ളത്.
∙ നിരാശപ്പെടുത്തിയവർനിഫ്റ്റി50ൽ ഹീറോ മോട്ടോകോർപ്പ് 4.01% ഇടിഞ്ഞ് നഷ്ടത്തിൽ ഒന്നാമതാണ്. ട്രെന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഓട്ടോ എന്നിവ 2.25-2.85% താഴ്ന്ന് തൊട്ടുപിന്നാലെയുണ്ട്. സെൻസെക്സിൽ 2.40% താഴ്ന്ന് റിലയൻസ് ഇൻഡസ്ട്രീസാണ് നഷ്ടത്തെ നയിക്കുന്നത്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‍ലെ ഇന്ത്യ, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, മാരുതി സുസുക്കി, എസ്ബിഐ, ഇൻഫോസിസ്, സൺഫാർമ എന്നീ വൻകിട ഓഹരികൾ 2.24% വരെ ഇടിഞ്ഞതും സെൻസെക്സിനെ നഷ്ടത്തിലാഴ്ത്തി.
∙ ഇടിവിനു പിന്നിൽജാപ്പനീസ് ഓഹരികളുടെ വീഴ്ച, ചൈനീസ് ഓഹരികളുടെ ദശാബ്ദത്തിലെ തന്നെ മികച്ച മുന്നേറ്റം, ഇന്ത്യയിൽ റിയൽ എസ്റ്റേറ്റ്, വാഹന ഓഹരികൾ നേരിട്ട വിൽപന സമ്മർദ്ദം എന്നിവയാണ് ഇന്ന് ഇന്ത്യൻ ഓഹരി സൂചികകളെ വീഴ്ത്തിയ മുഖ്യ കാരണങ്ങൾ. ജപ്പാനിൽ ഷിഗേരു ഇഷിബ സർക്കാർ വീണ്ടും തിരഞ്ഞെടുപ്പ് വിജയിച്ചതോടെ, കേന്ദ്രബാങ്ക് ഇനിയും അടിസ്ഥാന പലിശനിരക്ക് കൂട്ടുമെന്ന വിലയിരുത്തലുകളാണ് ഓഹരി വിപണിയെ തളർത്തിയത്. ജാപ്പനീസ് വിപണി നിക്കേയ് 4% ഇടിഞ്ഞു.
ചൈനയിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണർവേകാനായി ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ തീരുമാനം അവിടുത്തെ ഓഹരി വിപണിക്ക് കരുത്തായി. ഷാങ്ഹായ്, ഹോങ്കോങ് സൂചികകൾ ദശാബ്ദത്തിലെ തന്നെ മികച്ച നേട്ടത്തിലാണുള്ളത്. ഇതോടെ, ചൈനീസ് ഓഹരികളിലേക്ക് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ചുവടുമാറ്റിയതും ഇന്ത്യൻ ഓഹരികളെ അനാകർഷകമാക്കി.
നടപ്പുവർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഭവന വിൽപന 11% ഇടിഞ്ഞുവെന്ന റിപ്പോർട്ടാണ് റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് തിരിച്ചടിയാകുന്നത്. അതേസമയം, ചൈനയിൽ ഭവന വിൽപന മെച്ചപ്പെടുത്താനുള്ള കേന്ദ്രബാങ്കിന്റെ നീക്കമാണ് മെറ്റൽ ഓഹരികൾക്ക് ഇന്ന് നേട്ടമായത്. സ്റ്റീലിന് ഏറെ ഡിമാൻഡുള്ള രാജ്യമാണ് ചൈന. വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയവ 3% വരെ നേട്ടത്തിലാണുള്ളത്.
ഉത്സവകാലത്തെ ഡിസ്കൗണ്ട് സെയിലിന്റെ പശ്ചാത്തലത്തിൽ ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് ‘വിൽക്കുക’ (sell) റേറ്റിങ് നൽകിയത് ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ ഓഹരികൾക്കു തിരിച്ചടിയായി, ഇത് നിഫ്റ്റി ഓട്ടോ സൂചികയെയും സമ്മർദ്ദിത്താഴ്ത്തുകയായിരുന്നു. റിലയൻസിന് കീഴിലെ വയാകോം18ന്റെ ചാനലുകളെയും സ്റ്റാർ ഇന്ത്യയുടെ ചാനലുകളെയും ഒരു കുടക്കീഴിലാക്കാൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പച്ചക്കൊടി വീശിയെങ്കിലും റിലയൻസ് ഓഹരികൾ ഇന്ന് ഇടിയുകയായിരുന്നു.
∙ ഇന്ത്യ വിക്സ് കുതിക്കുന്നുഇന്ത്യൻ ഓഹരി സൂചികയിലെ സമ്മർദ്ദത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് സൂചിക ഇന്ന് 8% വരെ ഉയർന്നു. വിപണിയിൽ നിക്ഷേപകർക്കിടയിൽ ആശങ്ക ശക്തമാണ് എന്നാണ് ഇന്ത്യ വിക്സിന്റെ കുതിപ്പ് വ്യക്തമാക്കുന്നത്. നിലവിൽ സൂചികയുള്ളത് 7.27% നേട്ടത്തിൽ.
∙ ഇന്ന് തിളങ്ങിയവർ
ജെഎസ്ഡബ്ല്യു സ്റ്റീൽ, എൻടിപിസി, ഹിൻഡാൽകോ, ടാറ്റാ സ്റ്റീൽ, ഒഎൻജിസി എന്നിവയാണ് 1.3-2.74% നേട്ടവുമായി നിഫ്റ്റി50ൽ നേട്ടത്തിൽ മുന്നിൽ. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ടൈറ്റൻ, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, ബജാജ് ഫിനാൻസ് എന്നിവയാണ് സെൻസെക്സിൽ 0.23-2.45% ഉയർന്ന് നേട്ടത്തിൽ മുന്നിലുള്ളത്.
∙ തേരോട്ടത്തിൽ സ്കൂബിഡേയും കിറ്റെക്സുംമികച്ച ബിസിനസ് പ്രതീക്ഷകളുടെ കരുത്തിൽ കിറ്റെക്സ് ഓഹരി ഇന്നും 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലായി. സ്കൂബിഡേയും 10 ശതമാനത്തിലധികം മുന്നേറ്റത്തിലാണ്. പ്രൈമ അഗ്രോ 5.28% ഉയർന്നു. സെല്ല സ്പേസ്, ഇൻഡിട്രേഡ്, പാറ്റ്സ്പിൻ എന്നിവ 3.94-4.97% നേട്ടത്തിലേറിയിട്ടുണ്ട്. മുത്തൂറ്റ് കാപ്പിറ്റലാണ് 4.37% താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. ആഡ്ടെക് സിസ്റ്റംസ് 3.84% താഴ്ന്നു. 1.95% ഇടിഞ്ഞാണ് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ വ്യാപാരം.