സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം
കൊല്ലം∙ മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണാ കുറ്റമാണ് ചുമത്തിയിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15ന് മൈനാഗപ്പള്ളി ആനൂര്‍കാവില്‍ വച്ചാണ് ശ്രീക്കുട്ടിയും സുഹൃത്തും സഞ്ചരിച്ച കാർ കയറിയിറങ്ങി കുഞ്ഞുമോള്‍ മരിച്ചത്.
കരുനാഗപ്പള്ളി സ്വദേശി അജ്മലും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ശ്രീക്കുട്ടിയും സഞ്ചരിച്ച കാര്‍ കുഞ്ഞുമോളും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ വീണുകിടന്ന കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. കാറോടിച്ച ഒന്നാം പ്രതി അജ്മലിനെതിരെ മനപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയത്. കാറിന്‍റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി.
ശ്രീക്കുട്ടിയുടെ പ്രേരണയിലാണ് അജ്മല്‍ കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്.ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിഭാഗം ജില്ലാ സെഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ശ്രീക്കുട്ടിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. പ്രതികളുടെ പരസ്പര വിരുദ്ധ മൊഴിയും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.