‘പടച്ചവൻ പ്രാർഥന കേട്ടു’: സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെ പ്രതികരിച്ച് മകൻ ഷഹീൻ
ന്യൂഡൽഹി∙ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ചു മകൻ ഷഹീൻ സിദ്ദിഖ്. പടച്ചവൻ പ്രാർഥന കേട്ടെന്നായിരുന്നു ഷഹീൻ സിദ്ദിഖ് പറഞ്ഞത്. എന്നാൽ കോടതി തീരുമാനം വലിയ ആശ്വാസം നൽകുന്നതല്ലെന്നും ഷഹീൻ മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ സംസാരിക്കാനാകില്ല. പ്രതികരിക്കാൻ പരിമിതകളുണ്ട്. വക്കീലുമായി സംസാരിച്ചിട്ട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഷഹീൻ പറഞ്ഞു.
നടിയുടെ പീഡന പരാതിയിൽ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്കാണ് സുപ്രീം കോടതി തടഞ്ഞത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കണമെന്നു കോടതി നിർദേശിച്ചു. 8 വർഷത്തിനുശേഷമാണ് നടി സിദ്ദിഖിനെതിരെ പൊലീസിൽ പരാതി നൽകിയതെന്നു സിദ്ദിഖിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സമൂഹമാധ്യമത്തിലൂടെ ഇക്കാലയളവിൽ നടി നിരന്തരം സിദ്ദിഖിനെതിരെ പരാതി പറഞ്ഞിരുന്നതായി നടിയുടെ അഭിഭാഷക വ്യക്തമാക്കി. നടി പരാതി പറഞ്ഞിട്ടും കേരള സർക്കാർ 8 വർഷക്കാലം എന്തു ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. നടി പരാതി നൽകാൻ താമസമുണ്ടായതിനെക്കുറിച്ചും ആരാഞ്ഞു.
സിനിമാ മേഖലയിൽ പീഡനവുമായി ബന്ധപ്പെട്ട് 29 കേസുകളുണ്ടെന്നു കേരള സർക്കാരിന്റെ അഭിഭാഷക ഐശ്വര്യ ഭാട്ടിയ പറഞ്ഞു. തന്റെ കക്ഷിക്കെതിരെ ഇതുവരെ കേസില്ലെന്നും സിനിമാ മേഖലയിൽ ഉയർന്ന ആരോപണങ്ങളിലാണ് 29 കേസ് റജിസ്റ്റർ ചെയ്തതെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ വ്യക്തമാക്കി. സിനിമാ മേഖലയെ നിയന്ത്രിക്കുന്ന ആളായതിനാൽ പരാതി നൽകാൻ പ്രയാസമായിരുന്നു എന്നാണ് നടിയുടെ അഭിഭാഷക പറഞ്ഞത്.