ഹോട്ടൽമുറിയിൽ പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു, എന്നെ കടന്നുപിടിച്ചു’: ബാലചന്ദ്രമേനോനെതിരെ പരാതി നൽകി നടി
തിരുവനന്തപുരം∙ സംവിധായകന് ബാലചന്ദ്രമേനോനെതിരെ പീഡന പരാതി നല്കി ആലുവ സ്വദേശിയായ നടി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നല്‍കിയത്. 2007 ജനുവരിയില്‍ ഹോട്ടല്‍മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഭയന്നിട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും നടി പറയുന്നു.‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായതെന്നാണു പരാതിയില്‍ പറയുന്നത്.മുകേഷ് അടക്കം ഏഴു പേര്‍ക്കെതിരെ മുന്‍പ് പരാതി നല്കിയ നടിയാണ് ബാലചന്ദ്രമേനോനെതിരെയും രംഗത്തെത്തിയിരിക്കുന്നത്.
ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനിലെത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഹോട്ടലില്‍ തങ്ങി. അന്ന് ബാലചന്ദ്രമേനോന്റെ ജന്മദിന പാര്‍ട്ടിയായിരുന്നു. ഇതിനു ശേഷം കഥ പറയാന്‍ മുറിയിലേക്കു വിളിച്ചു.മുറിയിൽ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്.
ഇതോടെ താന്‍ ദേഷ്യപ്പെട്ട് തന്റെ മുറിയിലേക്കു പോയി. പിറ്റേന്നു രാത്രിയും ബാലചന്ദ്രമേനോൻ മുറിയിലേക്കു വിളിച്ചു. ചെല്ലുമ്പോള്‍ മൂന്നു സ്ത്രീകളും മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു. അവിടെ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി. പിറ്റേന്നു മുറിയിലെത്തിയ ബാലചന്ദ്രമേനോന് കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഒരു വിധത്തിലാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും പരാതിയില്‍ പറയുന്നു. ഇതേ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജയസൂര്യക്കെതിരെയും ഇവര്‍ പരാതി നല്‍കിയിരുന്നു.