സെന്തിൽ ബാലാജി മന്ത്രിസഭയിൽ; തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിൻ

0

ചെന്നൈ∙ തമിഴ്നാടിന്റെ മൂന്നാമത് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനെ നിയമിച്ചതിന് പിന്നാലെ ഡിഎംകെ മന്ത്രിസഭ പുനസംഘടിപ്പിച്ചു. കായിക–യുവജനക്ഷേമ വകുപ്പുകൾക്ക് പുറമെ ആസൂത്രണം, വികസന വകുപ്പുകൾ കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ.രവി, പുതിയതായി മന്ത്രിസഭയിൽ എത്തുന്നവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിയായി സെന്തിൽ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം.നാസർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡിഎംകെ മന്ത്രിമാർ, ഇന്ത്യാ മുന്നണി നേതാക്കൾ, എന്നിവർ പങ്കെടുത്തു.

അതേസമയം ഉദയനിധി മന്ത്രിസഭാംഗമായതിനാൽ തന്നെ പ്രത്യേക സത്യപ്രതിജ്ഞാ ചടങ്ങ് ഉണ്ടായിരുന്നില്ല. തമിഴ്നാടിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാൾക്ക് ലഭിക്കുന്നത്. 2009-2011 കാലഘട്ടത്തിൽ കരുണാനിധി മന്ത്രിസഭയിൽ എം.കെ. സ്റ്റാലിനും, 2017-21 കാലഘട്ടത്തിൽ ഇപിഎസ് മന്ത്രിസഭയിൽ ഒ.പനീർസെൽവവും ഉപമുഖ്യമന്ത്രി പദവി കൈകാര്യം ചെയ്തിട്ടുണ്ട്.

ജോലിക്ക് കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായി 15 മാസം ജയിലിൽ കിടന്ന സെന്തിൽ ബാലാജി, ജാമ്യം ലഭിച്ച് തിരിച്ചിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും മന്ത്രി പദവിയിൽ എത്തിയിരിക്കുന്നത്. അറസ്റ്റിലാകുന്നതിന് മുൻപ് എക്സൈസ് – വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്ത സെന്തിൽ ബാലാജിക്ക് അതേ വകുപ്പുകൾ തന്നെയാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതികവുമാണ് ഗോവി ചെഴിയനു ലഭിച്ച വകുപ്പുകൾ. ആർ. രാജേന്ദ്രന് ( ടൂറിസം, കരിമ്പ് വികസനം), എസ്.എം. നാസറിന് ( ന്യൂനപക്ഷം, വഖഫ് ബോർഡ്) എന്നീ വകുപ്പുകളും ലഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *