പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു;
ബെയ്റൂട്ട്∙ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ വെള്ളിയാഴ്ച നടത്തിയ ബോംബാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ ‘വഴിത്തിരിവ്’ എന്നാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും തുടർച്ചയായി അവലോകനം ചെയ്ത് കൊലപ്പെടുത്തുന്നതാണ് ഇസ്രയേൽ പിന്തുടരുന്ന രീതി. കൊലപ്പെടുത്തിയ പ്രധാന ഹിസ്ബുല്ല നേതാക്കളുടെ വിവരം ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്.
രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ജിഹാദ് കൗൺസിലിലെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു. ആക്രമണ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത് ഈ വിഭാഗമാണ്. നയപരമായ തീരുമാനമെടുക്കുന്ന ശൂറ കൗൺസിലിലെ നേതാക്കളാണ് അവശേഷിക്കുന്നത്. നസ്റല്ലയുടെ സ്ഥാനത്തേക്ക് ശൂറ കൗൺസിലിലെ ഹാഷിം സഫിയെദ്ദീൻ വരാനാണ് കൂടുതൽ സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. നസ്‌റല്ലയുടെ ബന്ധുവും ഹിസ്‌ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയുമാണ് സഫിയെദ്ദീൻ. ഹിസ്ബുല്ലയുടെ രാഷ്ട്രീയ–സാമ്പത്തിക കാര്യങ്ങളിൽ നിർണായക പങ്കു വഹിക്കുന്നയാളാണ് സഫിയെദ്ദീൻ.
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട നേതാക്കൾസതേൺ ഫ്രന്റ് കമാൻഡർ അലി കർക്കി (കൊല്ലപ്പെട്ടത്–സെപ്റ്റംബർ 27)
മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ (സെപ്റ്റംബർ 20)
കമാൻഡർ ഫൗദ് ഷുകുർ (ജൂലൈ 30)
റോക്കറ്റ് വിഭാഗത്തിന്റെ തലവൻ ഇബ്രാഹിം മുഹമ്മദ് ഖുബൈസി (സെപ്റ്റംബർ 24)
കമാൻഡർ വസീം അൽ തവീൽ
സായുധസേനയുടെ പരിശീലകൻ അബു ഹസൻ സമീർ
ഏരിയൽ കമാൻഡർ മുഹമ്മദ് ഹുസൈൻ
ജീവിച്ചിരിക്കുന്ന നേതാക്കൾ
നയീം ക്വാസിം
ഹാഷിം സഫിയെദ്ദീൻ
ഇബ്രാഹിം അമിൻ അൽ സയദ്
മുഹമ്മദ് റാദ്