നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി ∙ ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കൾ. സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളായ നാഹി, പോൾ എന്നിവരെയാണു കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ 4.15 നും 5.15 നും ഇടയിൽ ഇവരുടെ വീടുകളിലെത്തിയാണു പൊലീസ് കസ്റ്റഡിയിലെടുത്തതെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണു കൊച്ചി പൊലീസ് പറയുന്നത്.
സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്നാണു ബന്ധുക്കൾ പറയുന്നത്. പൊലീസ് കസ്റ്റഡിക്കെതിരെ ബന്ധുക്കൾ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് ബന്ധുക്കൾ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്നാണു സിദ്ദിഖിന്റെ മകൻ ഷഹിൻ പറയുന്നത്. സിദ്ദിഖിനെപ്പറ്റി വിവരം നൽകിയില്ലെങ്കിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. കസ്റ്റഡിയിലെടുത്ത രണ്ട് സുഹൃത്തുക്കളെ കാണാനില്ലെന്നും ഷഹിൻ പറഞ്ഞു.