അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം ഫെബ്രുവരി 14ന് തുറക്കും.
- 2024 ഫെബ്രുവരി 14ന് മോദി ഉദ്ഘാടനം ചെയ്യും
- 2024 ഫെബ്രുവരി 18 മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം
- 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് ശിലയിട്ടത്
അബുദാബി: അബുദാബിയില്‍ ഒരുങ്ങുന്ന ആദ്യ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഫെബ്രുവരി 14ന് തുറക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യുന്ന ക്ഷേത്രം ഫെബ്രുവരി 18 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. യിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂയെന്ന് ബാപ്സ് ക്ഷേത്ര മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.
ദുബായ് – അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പിങ്ക് സാന്‍ഡ് സ്റ്റോണുകളും വെള്ള മാർബിളുകളും ഉപയോഗിച്ചാണ് നിർമാണം. രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ സുപ്രധാന നിമിഷങ്ങള്‍ കരകൗശല വിദഗ്ധരുടെ സഹായത്തോടെ ഗോപുരങ്ങളില്‍ ചിത്രീകരിച്ചിട്ടുണ്ട്. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് ശിലയിട്ടത്. 2019-ൽ നിർമാണം ആരംഭിച്ചു. നിർമാണം പൂർത്തിയായെങ്കിലും മിനുക്കുപണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.