മുംബൈ സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് : യുവസേന (യുബിടി)തൂത്തുവാരി
മുംബൈ : ദശാബ്ദക്കാലമായി നിലനിൽക്കുന്ന ആധിപത്യം ഉറപ്പിച്ചു കൊണ്ട് മുംബൈ സർവ്വകലാശാലയിൽ നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ആദിത്യ താക്കറെ നയിക്കുന്ന യുവസേന 10 സീറ്റുകളിലും വിജയിച്ചു. കനത്ത പരാജയത്തിലൂടെ ഭാരതീയ ജനതാ പാർട്ടി പിന്തുണയുള്ള അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന് (എബിവിപി) ശക്തമായ തിരിച്ചടിയാണ് ലഭിച്ചത് .
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന ഈ തെരഞ്ഞെടുപ്പ് ഫലം വലിയ ആത്മവിശ്വാസം ഉദ്ദവ് താക്കറെ പക്ഷത്തിന് നൽകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു .
” ഈ തെരഞ്ഞെടുപ്പ് വളരെ പ്രാധാന്യമുള്ളതായിരുന്നു, യുവാക്കൾ വിദ്യാസമ്പന്നർ ആയതുകൊണ്ട് തന്നെ കാശ് കൊടുത്തു വോട്ട് വിലയ്ക്കുവാങ്ങാൻ ഇവിടെ സാധിക്കില്ല . അങ്ങനെ വിജയിക്കുന്നവർക്ക് ഇത് വലിയ പാഠമാണ്.എവിടേയും വോട്ടുകൾ വിലകൊടുത്ത് വാങ്ങി ജയിക്കാമെന്നു കരുതുന്ന ബിജെപി ,എബിവിപി , ഏക്‌നാഥ് ഷിൻഡേ പക്ഷക്കാർക്ക് ഈ തെരഞ്ഞെടുപ്പിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല കാരണം ബാലറ്റ് പേപ്പർ വഴി നടന്ന തെരഞ്ഞെടുപ്പാണ് ,ഇ .വി .എം മെഷീൻ അല്ല “. ശിവസേന ഉദ്ദവ് വിഭാഗം നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.
കഴിഞ്ഞ വർഷം ആഗസ്റ്റു മുതൽ തുടങ്ങിയ തർക്കങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ കഴിഞ്ഞ സെപ്റ്റംബർ 24 സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം ഫോർട്ടിലുള്ള മുംബൈ സർവ്വകലാശാല ക്യാമ്പസ്സിലെ Cowasjee Jehangir Convocation Hall ൽ വെച്ചാണ് വോട്ടെണ്ണൽ നടന്നത്.ഏകദേശം , 7,200 വോട്ടുകൾ രേഖപ്പെടുത്തിയതിൽ 500 വോട്ടുകൾ അസാധുവായി .രജിസ്റ്റർ ചെയ്ത ബിരുദധാരികളുടെ മണ്ഡലത്തിലെ അഞ്ച് ഓപ്പൺ കാറ്റഗറി സീറ്റുകളിലേക്ക് 15 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. കൂടാതെ, പട്ടികജാതി വിഭാഗത്തിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികൾ, പട്ടികവർഗത്തിൽ നിന്ന് മൂന്ന് പേർ, നാടോടി ഗോത്രവിഭാഗത്തിൽ നിന്ന് നിന്ന് മൂന്ന് പേർ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് മൂന്ന് പേർ, വനിതാ വിഭാഗത്തിൽ നിന്ന് രണ്ട് പേർ . സംവരണ വിഭാഗത്തിലെ അഞ്ച് സീറ്റുകളിലും യുവസേന ഉദ്ധവ് താക്കറെ വിഭാഗം വിജയിച്ചു.