അയോധ്യയിലെ പല്ലക്ക് ഉത്സവത്തിന് കേരളത്തിലെ കലാസംഘം
രാമജന്മഭൂമി ട്രസ്റ്റിയും ഉടുപ്പി പേജാവര്‍ മഠാധിപതിയുമായ വിശ്വപ്രസന്ന തീര്‍ഥസ്വാമിയുടെ ക്ഷണത്തിലാണ് കേരള സംഘം അയോധ്യയിലെത്തിയത്.
അയോധ്യ: ഒരുമാസത്തിലധികം നീളുന്ന അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പല്ലക്ക് ഉത്സവത്തിന് പഞ്ചവാദ്യം നയിക്കുന്നത് കേരളത്തിൽ നിന്നുള്ള പന്ത്രണ്ടഗസംഘം. പല്ലക്ക് ഉത്സവത്തിൽ ദിവസവും ഇവരുടെ പഞ്ചവാദ്യമുണ്ടാകും. രാമജന്മഭൂമി ട്രസ്റ്റിയും ഉടുപ്പി പേജാവര്‍ മഠാധിപതിയുമായ വിശ്വപ്രസന്ന തീര്‍ഥസ്വാമിയുടെ ക്ഷണത്തിലാണ് കേരള സംഘം അയോധ്യയിലെത്തിയത്.
പല്ലക്ക് ഉത്സവത്തിലെ പഞ്ചവാദ്യത്തിന് കേരളസംഘത്തെ തീരുമാനിച്ചത് പ്രാണപ്രതിഷ്ഠയ്ക്കും രണ്ടുമാസം മുൻപേയാണ്. രാവിലെ തത്ത്വഹോമം, തത്വകലശപൂജ, കലശാഭിഷേകം എന്നീ അനുഷ്ഠാനങ്ങൾക്കും പഞ്ചവാദ്യമുണ്ട്. ദിവസവും വൈകിട്ട് 4.30 മുതൽ 6.15 വരെയാണ് പല്ലക്ക് ഉത്സവം. ദേവനെ പല്ലക്കിലിരുത്തി മൂന്നുതവണ പ്രദക്ഷിണം വെയ്ക്കും.പത്തു ഡിഗ്രിയും അതിനു താഴെയുമാണ് അയോധ്യയിലെ ഇപ്പോഴത്തെ താപനില തണുപ്പിനെ വകവയ്ക്കാതെയും ഷർട്ട് ധരിക്കാതെയും വിറക്കാതെ ഇവർ പഞ്ചവാദ്യം നടത്തുന്നു.
സംഘത്തിൽ കാഞ്ഞങ്ങാട്ടെ മഡിയന്‍ രാധാകൃഷ്ണ മാരാര്‍, തിരുവമ്പാടി വിനീഷ് മാരാര്‍, കലാമണ്ഡലം രാഹുല്‍ നമ്പീശന്, പട്ടാമ്പി പള്ളിപ്പുറത്തെ കെ.ജി. ഗോവിന്ദരാജ്, സേതുമാധവന്, സുരേഷ്ബാബു, ശശികുമാര്‍, പ്രദീപ്, പയ്യന്നൂരിലെ ടി.ടി.വി. രതീഷ്, കെ.വി. ബാബുരാജ്, വാണിയങ്കുളം വിനോദ്, ശ്രീരാഗ് കാഞ്ഞങ്ങാട് എന്നിവരാണ് ഉള്ളത്.