അണ്ണാ സർവകലാശാല ലഡാക്കിൽ ഡ്രോൺ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കുന്നു
ചെന്നൈ: അണ്ണാ സർവകലാശാല ലഡാക്കിൽ ഡ്രോൺ പൈലറ്റ് പരിശീലനകേന്ദ്രം ആരംഭിക്കുന്നു. ബെംഗളൂരുവിൽ റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷൻ (ആർ.പി.ടി.ഒ.) ശാഖ തുറന്നതിനുപിന്നാലെയാണ് സർവകലാശാല ലഡാക്കിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.
ആർ.പി.ടി.ഒ.യുടെ കീഴിലാണ് ലഡാക്ക് സർവകലാശാലയിലെ ലേ കാംപസിൽ പരിശീലനകേന്ദ്രം സജ്ജമാക്കുക. സ്ഥലം ഉൾപ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ലഡാക്ക് സർവകലാശാല ഒരുക്കും. പരിശീലകരെ അണ്ണാ സർവകലാശാല നിയമിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചാൽ രണ്ടു മാസത്തിനകം പരിശീലനകേന്ദ്രം ആരംഭിക്കാനാണ് തീരുമാനം.
കേന്ദ്ര പ്രതിരോധസേനയുടെ ഡ്രോൺ എക്സ്പോയിൽ അണ്ണാ സർവകലാശാലയിലെ പ്രതിനിധികളെത്തിയപ്പോഴാണ് ഡ്രോൺ പരിശീലനകേന്ദ്രം തുടങ്ങാനുള്ള ആഗ്രഹം ലഡാക്ക് സർവകലാശാല അറിയിക്കുന്നത്. ലഡാക്ക് പോലുള്ള പ്രദേശത്ത് ഡ്രോണുകളുടെ ഉപയോഗം നിർണായകമാണെന്നു മനസ്സിലാക്കിയാണ് അണ്ണാ സർവകലാശാല സഹകരണം ഉറപ്പുനൽകിയത്. മാത്രമല്ല, പ്രവേശനത്തിലൂടെയുള്ള വരുമാനത്തിൽനിന്ന് 10 ശതമാനം അണ്ണാ സർവകലാശാലയ്ക്ക് ലഭിക്കുകയുംചെയ്യും.
2021-ൽ അണ്ണാ സർവകലാശാലയുടെ ചെന്നൈ കാംപസിലാണ് ആർ.പി.ടി.ഒ. ആരംഭിച്ചത്. അതിലൂടെ രണ്ടായിരത്തിലധികം ഡ്രോൺ പൈലറ്റുമാർക്ക് പരിശീലനം നൽകി. തുടർന്നാണ് ബെംഗളൂരുവിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ ആർ.പി.ടി.ഒ ശാഖ തുറന്നത്.