300 കോടിയുടെ നിക്ഷേപത്തട്ടിപ്പ്, സന്യാസി വേഷത്തിൽ ഒളിവുജീവിതം; പ്രതി പിടിയിൽ
മുംബൈ ∙ ബീഡ് കേന്ദ്രീകരിച്ച് 300 കോടി രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി ബബ്ബൻ വിശ്വനാഥ് ഷിൻഡെയെ യുപി വൃന്ദാവനിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. താടിയും മീശയും വടിച്ച‌്, സന്യാസി വേഷം കെട്ടി മാസങ്ങളായി ക്ഷേത്രത്തിൽ താമസിച്ചുവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
ജിജൗ മാസാഹെബ് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിന്റെ ചെയർമാനായിരുന്നു പ്രതി. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് നിക്ഷേപം വാങ്ങിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തിയത്. ബീഡിലെ പ്രധാന ശാഖയിൽ മാത്രം രണ്ടായിരത്തോളം നിക്ഷേപകരാണ് ഉണ്ടായിരുന്നത്. തട്ടിപ്പു പരാതികൾ ഉയർന്നതോടെ കഴിഞ്ഞ വർഷം ജൂലൈ 3ന് നാടുവിടുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ പരാതികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡൽഹി, നേപ്പാൾ, അസം, ഒഡീഷ, യുപി എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തിയ ബീഡ് പൊലീസ് സംഘം, വൃന്ദാവൻ പൊലീസിന്റെ സഹായത്തോടെയാണ് കൃഷ്ണ ബാൽറാം ക്ഷേത്രത്തിന് സമീപത്തുവച്ച് ഇയാളെ പിടികൂടിയത്. മഥുര കോടതിയിൽ നിന്ന് ട്രാൻസിറ്റ് റിമാൻഡ് നേടിയ ശേഷം ബീഡിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു