ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ

0

ടെൽ അവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹിസ്ബുല്ലയുടെ ടോപ് കമാൻഡ‍ർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രധാനമായും ഹിസ്ബുല്ലയുടെ തലവനായ സയ്യിദ് ഹസൻ നസ്റല്ലയെ കൊലപ്പെടുത്തുകയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. വ്യോമാക്രമണം നടത്തിയ സമയത്ത് നസ്റല്ല ഹിസ്ബുല്ലയുടെ ആസ്ഥാനത്ത് ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.വ്യോമാക്രമണത്തിൽ നസ്‌റല്ല കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തെക്കൻ ബെയ്‌റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ജനസാന്ദ്രതയുള്ള പ്രദേശമായ ദഹിയേയിൽ ഒന്നിലധികം കെട്ടിടങ്ങൾ തകർന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു.

കുറഞ്ഞത് 9 പേരെങ്കിലും മരിക്കുകയും 90-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുല്ലയുടെ മിസൈൽ ആയുധശേഖരത്തിൻ്റെ പകുതിയോളം ഇല്ലാതാക്കിയെന്നാണ് ഇസ്രായേലിന്റെ വിലയിരുത്തൽ.ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ ലക്ഷ്യമിട്ട് അമേരിക്കയും ഫ്രാൻസും മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് ഉണ്ടായത്. ലെബനിൽ ഇതുവരെ ഇസ്രായേൽ വ്യോമാക്രമണങ്ങൾ മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം കൂടുതൽ ടാങ്കുകളും കവചിത വാഹനങ്ങളും ലെബനനുമായുള്ള വടക്കൻ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇസ്രായേൽ ഇതിലൂടെ നൽകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *