ഹാജി അലി ദർഗയ്ക്ക് ബോംബ് ഭീഷണി : അജ്ഞാതനെ പോലീസ് തിരയുന്നു.
മുംബൈ : മുംബൈയിലെ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ഹാജി അലി ദർഗ തകർക്കുമെന്ന ഭീഷണി സന്ദേശമയച്ച അജ്ഞാതനെ പോലീസ് തിരയുന്നു . വ്യാഴാഴ്ചവൈകിട്ട് 5 മണിയോടെയാണ് ഹാജി അലി ദർഗ ട്രസ്റ്റിൻ്റെ ഓഫീസിലേക്ക് ഫോൺ വന്നത്. ദർഗയ്ക്കകത്ത് തൻ ബോംബ് വെച്ചിട്ടുണ്ടെന്നും അത് പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം.
പവൻ എന്ന് സ്വയം പരിചയപ്പെടുത്തി വിളിച്ചയാൾ ദർഗയെ കുറിച്ച് മോശമായ ഭാഷയിൽ സംസാരിക്കുകയും വിവാദ പ്രസ്താവനകൾ നടത്തുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോർട്ട്. ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലം തൻ്റേതാണെന്നും വിളിച്ചയാൾ അവകാശപ്പെട്ടു.
ഇതിൽ ഇടപെടാൻ ശ്രമിച്ചവരെ വെടിവെച്ച് കൊല്ലുമെന്ന് വിളിച്ചയാൾ ഭീഷണിപ്പെടുത്തിയതായും ഒരു സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ചില പരാമർശങ്ങൾ നടത്തിയെന്നും ദർഗ വൃത്തങ്ങൾ അറിയിക്കുന്നു.ബോംബ് സ്ക്വാഡ് സംഘം ദർഗയിൽ എത്തി അന്വേഷണം ആരംഭിച്ചെങ്കിലും പള്ളി പരിസരത്ത് നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. അജ്ഞാതനായ വ്യക്തിക്കെതിരെ താർദേവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് തെലങ്കാനയിലെ ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിലേക്ക് തിരിച്ചുവിട്ടിരുന്നു.
തീരത്ത് നിന്ന് 500 മീറ്റർ അകലെ, ഹാജി അലി ഉൾക്കടലിൽ,വർളിക്ക് സമീപമുള്ള ഒരു ചെറിയ ദ്വീപിലാണ് ദർഗ നിർമ്മിച്ചിരിക്കുന്നത് . ഇന്തോ-ഇസ്ലാമിക് വാസ്തുവിദ്യാ ശൈലിയുടെ മികച്ച മാതൃകയാണ് ഈ കെട്ടിടം. ഏകദേശം ഒരു കിലോമീറ്റർ (0.62 മൈൽ) നീളമുള്ള ഒരു ഇടുങ്ങിയ വഴിയിലൂടെ മഹാലക്ഷ്മിയുടെ നഗരപരിധിയുമായി ഈ ദ്വീപിനെ ബന്ധിപ്പിച്ചിരിക്കുന്നു .വേലിയേറ്റത്തെ ആശ്രയിച്ചാണ് ദർഗയിലേക്കുള്ള പ്രവേശനം. ഇവിടെ ഓരോ ദിവസവും ആയിരകണക്കിന് വിശ്വാസികൾ വന്നുപോയികൊണ്ടിരിക്കുന്നു