ഗംഭീറിന് പകരക്കാന്‍ വന്നു! കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം

0

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയെ നിയമിച്ചു. ഐപിഎല്‍ മെഗാലേലം നടക്കാനിരിക്കെയാണ് നിര്‍ണായക നീക്കം. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം കൂടിയായ ബ്രാവോ നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. കഴിഞ്ഞ സീസണില്‍ ഗൗതം ഗംഭീറായിരുന്നു കൊല്‍ക്കത്തയുടെ മെന്റര്‍. അദ്ദേഹം ഇന്ത്യയുടെ പരിശീലകനായി നിയമിതനായതോട് കൂടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മറ്റൊരാളെ തേടേണ്ടിവന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുറമെ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ബ്രാവോ.

മെഗാലേലം മുന്നില്‍ നില്‍ക്കെ വലിയ ഉത്തരവാദിത്തങ്ങളാണ് ബ്രാവോയ്ക്കുണ്ടാവുക. ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം, ഒഴിവാക്കണം എന്നുള്ള കാര്യങ്ങളിലെല്ലാം അദ്ദേഹത്തിന് തീരുമാനമെടുക്കേണ്ടി വരും. അതേസമയം, കൊല്‍ക്കത്ത രണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നായകന്‍ ശ്രേയസ് അയ്യര്‍, ഫിനിഷര്‍ റിങ്കു സിംഗ് എന്നിവരൊയാണ് കൊല്‍ക്കത്ത നിലനിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കഴിഞ്ഞ താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിച്ച ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇത്രയും വലിയ തുകയ്ക്ക് നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ ടീം ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഒരു വിദേശതാരത്തെ മാത്രമെ നിലനിര്‍ത്താനാവു എങ്കില്‍ സ്റ്റാര്‍ക്കിനെ നിലനിര്‍ത്തിയാല്‍ ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ കൈവിടേണ്ടിവരുമെന്നതാണ് കൊല്‍ക്കത്തയുടെ മുന്നിലെ പ്രതിസന്ധി. വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള വിശ്വസ്ത താരം സുനില്‍ നരെയ്‌നെ ടീം കൈവിടാന്‍ തയാറാവില്ലെന്നാണ് കരുതുന്നത്. ഫില്‍ സോള്‍ട്ടാണ് കൊല്‍ക്കത്തക്ക് കൈവിടേണ്ടിവരുന്ന മറ്റൊരു താരം. വര്‍ഷങ്ങളായി ടീമിനൊപ്പമുള്ള ഓള്‍ റൗണ്ടര്‍ വെങ്കടേഷ് അയ്യരെയും കൊല്‍ക്കത്ത ലേലത്തിന് മുമ്പ് കൈവിട്ടേക്കുമെന്നാണ് കരുതുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *