വധ ഭീഷണി : ദീപേഷ് പുണ്ഡലിക് മാത്രേ താന പോലീസ് കമ്മീഷണർക്ക് പരാതിനൽകി
താനെ : യുവസേന (ശിവസേന ഷിൻഡെ ഗ്രൂപ്പ് ) സംസ്ഥാന സെക്രട്ടറിയും മുൻ കല്യാൺ ഡോംബിവ്‌ലി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ദീപേഷ് പുണ്ഡലിക് മാത്രേ ,വാട്സ്ആപ്പ് വഴി തനിക്ക് ചില പാർട്ടി ഭാരവാഹികൾ ഭീഷണി സന്ദേശം അയക്കുന്നു എന്നാരോപിച്ച് താനെ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ‘ ഗണപത് ഗേയ്ക്ക് വാഡാകാൻ ഞങ്ങൾക്ക് ആഗ്രഹമില്ലെന്നും ,അങ്ങനെ വന്നാൽ മഹേഷ് ഗേയ്ക്ക് വാഡിൻ്റെ അവസ്ഥയായിരിക്കുംതനിക്ക് ‘ എന്ന രീതിയിലുള്ള ഭീഷണി സന്ദേശങ്ങൾ കുറച്ചു ദിവസങ്ങളായി തനിക്കു വന്നുകൊണ്ടിരിക്കുന്നുണ്ടെന്നാണ് ദീപേഷ് പുണ്ഡലിക് മാത്രേ പോലീസിൽ അറിയിച്ചത്. (കഴിഞ്ഞ ഫെബ്രുവരിയിൽ ഉല്ലാസ്‌നഗർ പോലീസ് സ്റ്റേഷനിൽ വെച്ച് ബിജെപി എംഎൽഎ ഗണപത് ഗേയ്ക്ക് വാഡ് ,ബിജെപിയുടെ തന്നെ സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗത്തിലുള്ള പാർട്ടി ജില്ലാ പ്രസിഡന്റ് മഹേഷ് ഗേയ്ക്ക് വാഡ് നെ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു) .
കഴിഞ്ഞ കുറച്ചുകാലങ്ങളായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഡോംബിവ്‌ലി എംഎൽഎ യുമായ രവീന്ദ്രചവാനെ അനുകൂലിക്കുന്നവരും ദീപേഷ് പുണ്ഡലിക് മാത്രേയും തമ്മിൽ ചില തർക്കങ്ങൾ പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. കുറച്ചുദിവസം മുന്നേ രവീന്ദ്രചവാൻ്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ ബാനറുകൾ കെട്ടിയിരുന്നു. ഇതിനിടയിൽ “ഹാപ്പി കഡ്ഡ (കുഴികൾ )”എന്നെഴുതിയ ബാനറുകളും പ്രത്യക്ഷപ്പെട്ടു.
PWD മിനിസ്റ്ററായ ചവാനെ ആക്ഷേപിക്കുന്ന വിധം ഇത്തരത്തിൽ പോസ്റ്റർ പതിപ്പിച്ചതിനെതിരെ ബിജെപി നേതാവ് വിനയ് പലവ് വിഷ്‌ണു നഗർ പോലീസിൽ പരാതി നൽകി. പോസ്റ്റർ അടിച്ച പ്രസ്സുകാരനെ പോലീസ് ചോദ്യം ചെയ്തപ്പോൾ ദീപേഷ് പുണ്ഡലിക് മാത്രേയ്ക്ക് വേണ്ടി ചെയ്‌തതാണ് എന്ന് അയാൾ തുറന്നു പറഞ്ഞു. ഈ കൃത്യവുമായി ബന്ധപ്പെട്ട്, ബുധനാഴ്ച രാവിലെ വിഷ്ണുനഗർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ദീപ് വിജയ് ഭവാർ ചോദ്യം ചെയ്യാനായി ദീപേഷിനെ വിഷ്ണുനഗർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു .വന്നില്ലെങ്കിൽ അറസ്റ്റു ചെയ്യുമെന്നും അറിയിച്ചു. വിശദീകരണം നൽകാനായി ദീപേഷ് മാത്രേ പോലീസ് സ്റ്റേഷനിലേക്ക് വന്നത് ഏകദേശം നാനൂറോളം പ്രവർത്തകരേയും കൂട്ടിയായിരുന്നു.പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ പോലീസിൻ്റെ ഭാഗത്തുനിന്ന് തുടരുകയാണ്.