ആകാശപ്പാത നാളെ തുറക്കും; നഗറിലെ കേരളത്തിലെ ഏറ്റവും നീളമേറിയ സ്കൈവാക്കിൻ്റെ മഹത്തായ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂന്നു

അടച്ചുറപ്പുള്ള ഗ്ലാസുകൾ, ശീതീകരിച്ച ഉൾഭാഗം, ലിഫ്റ്റ്, സിസിടിവി..
തൃശൂർ ∙ കേരളത്തിലെ മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപ്പാത (സ്കൈ വോക്ക്) അടിമുടി അണിഞ്ഞൊരുങ്ങി നാളെ തുറക്കും. അടച്ചുറപ്പുള്ള ഗ്ലാസുകൾ സ്ഥാപിച്ച ശേഷം ഉൾഭാഗം ശീതീകരിക്കുകയും ലിഫ്റ്റ് സൗകര്യം ഒരുക്കുകയും ചെയ്ത ശക്തൻനഗറിലെ ആകാശ നടപ്പാതയാണു നഗരത്തിനു സമർപ്പിക്കുക. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ആകാശപ്പാത ആദ്യം കാൽനടയാത്രക്കാർക്കായി തുറന്നു നൽകിയത്. പിന്നീടു നടപ്പാതയ്ക്കുള്ളിൽ എയർ കണ്ടിഷനിങ് സൗകര്യം ഒരുക്കുന്നതിനും വശങ്ങൾക്കു ചുറ്റും ഗ്ലാസും സീലിങ്ങും സ്ഥാപിക്കുന്നതിനും താൽക്കാലികമായി അടച്ചിടുകയായിരുന്നു. കോർപറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്താകൃതിയിൽ നിർമാണം പൂർത്തിയാക്കിയ ആകാശപ്പാതയുടെ അടിസ്ഥാനച്ചെലവ് 5.50 കോടി രൂപയാണ്. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 50 ലക്ഷം രൂപയോളം ചെലവഴിച്ചാണു പ്രത്യേക ടഫൻഡ് ഗ്ലാസുകൾ സ്ഥാപിച്ച് ഉൾഭാഗം ശീതീകരിച്ചത്.
സൗരോർജം
ആകാശപ്പാതയുടെ മുകളിൽ സ്ഥാപിച്ച 50 കിലോ വോട്ടിന്റെ സോളർ പാനലുകൾ വഴിയാണു എയർ കണ്ടിഷനിങ്, വെളിച്ച സംവിധാനങ്ങൾ, ലിഫ്റ്റുകൾ എന്നിവയ്ക്കുള്ള വൈദ്യുതി. പൂർണമായും സൗരോർജ വൈദ്യുതിയിലാകും ഇവ പ്രവർത്തിക്കുക. 38 ലക്ഷം രൂപ ചെലവഴിച്ചാണു പാനലുകൾ സ്ഥാപിച്ചത്. ഡിസംബറോടെ മറ്റു ഭാഗങ്ങളിലും സോളർ പാനലുകൾ സ്ഥാപിക്കുന്നതു പൂർത്തിയാകും.
പ്രവേശന കവാടം
നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ശക്തൻ നഗറിൽ സംഗമിക്കുന്ന 4 റോഡുകളെ ബന്ധിപ്പിക്കുന്നതാണ് ആകാശ നടപ്പാത. പഴയ പട്ടാളം–ശക്തൻ തമ്പുരാൻ നഗർ റോഡ്, റിങ് റോഡ്, ശക്തൻ നഗർ റോഡ്, ഹൈറോഡ് കണക്‌ഷൻ റോഡ് എന്നിവയെയാണ് ബന്ധിപ്പിക്കുന്നത്. ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, മത്സ്യ–മാംസം മാർക്കറ്റ്, പഴം–പച്ചക്കറി മാർക്കറ്റ്, ശക്തൻ പ്രദർശന ഗ്രൗണ്ട് എന്നിവിടങ്ങളിൽ നിന്ന് ആകാശപ്പാതയിലേക്കു പ്രവേശിക്കാം. പടികളും ലിഫ്റ്റുകളുമുണ്ട്.
സിസിടിവി
ആകാശപ്പാതയ്ക്കുള്ളിലും മറ്റുമായി 20 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് രാത്രി 10.30 നു ശേഷം പ്രവേശന കവാടങ്ങൾ അടയ്ക്കും. ഇതിനായി ഗ്രില്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം സുരക്ഷാ ജീവനക്കാരെയും നിയമിക്കും