ഇനി മുതൽ എനിക്ക് മൂന്ന് കുട്ടികളല്ല,നാല് കുട്ടികളാണ്; മനാഫ് പറഞ്ഞു
ഷിരൂർ (കർണാടക) ∙ തനിക്ക് ഇന്ന് മുതൽ മൂന്നല്ല മക്കൾ നാലെന്ന് അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. മരിച്ച അർജുന്റെ കുട്ടിയെ സ്വന്തം കുട്ടികൾക്കൊപ്പം വളർത്തുമെന്നു മനാഫ് മനോരമ ന്യൂസിനോടു പറഞ്ഞു. അർജുന്റെ മാതാപിതാക്കൾക്ക് ഇനിയുള്ള കാലം മകനായി കൂടെയുണ്ടാകും. കഴിഞ്ഞ 72 ദിവസങ്ങളായി ഷിരൂരിൽ തിരച്ചിലിനായി അലയുമ്പോൾ കല്ലായിയിലെ തന്റെ സ്ഥാപനം മറ്റൊരാൾ കയ്യേറി മരമെല്ലാം വിറ്റുവെന്നും മനാഫ് പറഞ്ഞു.
മനാഫിന്റെ ദൃഢനിശ്ചയത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു, ഒരുഘട്ടത്തിൽ അവസാനിച്ചെന്നു തോന്നിയ തിരച്ചിൽ 70 ദിവസം പിന്നിട്ടിട്ടും തുടർന്നത്. ഇതുപോലൊരാൾ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞു മനാഫിനെ വാഴ്ത്തുകയാണു സമൂഹമാധ്യമങ്ങൾ. ഷിരൂർ ഗംഗാവലിപ്പുഴയിൽ ലോറി കണ്ടെത്തിയ ശേഷം വിങ്ങിപ്പൊട്ടി മനാഫ് പറഞ്ഞ വാക്കുകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‘‘ആ വണ്ടി പൊന്തിക്കുക. ആ ക്യാബിനിന്റെ ഉള്ളിൽനിന്ന് അവനെ എടുക്കാ, എനിക്ക് ആ വണ്ടീം വേണ്ട, മരോം വേണ്ട. ഒരു സാധാരണക്കാരന് കഴിയുന്നതിന്റെ പരമാവധി ഞാൻ ചെയ്തു. അവന്റെ വീട്ടുകാർക്ക് ഞാൻ കൊടുത്ത വാക്ക് പാലിക്കുകയാണ്. ഒരാൾ ഒരു കാര്യത്തിന് ഉറപ്പിച്ച് ഇറങ്ങിയാൽ അത് സാധിക്കും. ആരും കൂടെ ഇല്ലെങ്കിലും സാധിക്കും. ആ ലോറി എനിക്ക് വേണ്ട. ഓനെ മതിയായിരുന്നു. ’’ – മനാഫിന്റെ വാക്കുകൾ.