കുവൈറ്റ് തുറമുഖത്ത് കപ്പൽ തകർച്ച: മരണത്തിൽ വ്യക്തത വരുത്താൻ എംബസി അധികൃതർ പരാജയപ്പെട്ടു.
മണലൂർ ∙ കുവൈത്ത് തുറമുഖത്തിനടുത്തുണ്ടായ അൽ ബക്തർ –1 എന്ന ഇറാനിയൻ വാണിജ്യക്കപ്പൽ അപകടത്തിൽ കാണാതായവരെക്കുറിച്ച് ഇനിയും വ്യക്തതയില്ല. ഡെക്ക് ഓപ്പറേറ്റർമാരായ തൃശൂർ മണലൂർ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകൻ ഹനീഷ് (26), കണ്ണൂർ ആലക്കോട് വെള്ളാട് കൗമാക്കുടി കോട്ടയിൽ കുമാരന്റെ മകൻ സുരേഷ് (26) എന്നിവരെയും ഒരു കൊൽക്കത്ത സ്വദേശിയെയും 3 ഇറാനിയൻകാരെയും കാണാതായിട്ടും 4 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടും മരിച്ചത് ആരെല്ലമാണെന്ന് ഇതുവരെയും സ്ഥിരീകരണമില്ല.
അതേസമയം, കപ്പലുണ്ടായിരുന്ന 6 പേരും മരിച്ചുവെന്ന് ഇറാന്റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ഇർണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുവൈത്ത് എംബസിയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ഹനീഷിന്റെ മാതാപിതാക്കളുടെ ഡിഎൻഎ ടെസ്റ്റ് നടത്തി നോർക്ക മുഖേന കുവൈത്ത് എംബസിയിലേക്ക് കഴിഞ്ഞ 13ന് അയച്ചിരുന്നു. എന്നാൽ ഇതുവരെയും ഈ ഡിഎൻഎ ക്രോസ് മാച്ച് ചെയ്ത് വിവരം എംബസിയിൽ നിന്ന് മാതാപിതാക്കളെയോ ബന്ധുക്കളെയോ അറിയിച്ചിട്ടുമില്ല.
പലതവണ എംബസിയിൽ അന്വേഷിച്ചിട്ടും അറിയിക്കാം എന്ന മറുപടിയാണ് കിട്ടുന്നതെന്നു ഹനീഷിന്റെ ബന്ധു പറഞ്ഞു.ഡിഎൻഎ ക്രോസ് മാച്ച് നടത്തി മരിച്ചത് ഹനീഷാണെങ്കിൽ എത്രയും വേഗം മൃതദേഹം വിട്ടുകിട്ടമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി,മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഹനീഷിന്റെ പിതാവ് ഹരിദാസൻ പറഞ്ഞു.
കപ്പൽ ജോലിക്കുള്ള കോഴ്സ് പഠിച്ച് ഒന്നര വർഷത്തിനു ശേഷം കഴിഞ്ഞ ജനുവരി 21 നാണ് ഹനീഷ് അൽ ബക്തർ കപ്പലിൽ ജോലിക്കായി ചേർന്നത്.