ഷിൻഡെ വധം : ഏറ്റുമുട്ടൽ ഒഴിവാക്കാമായിരുന്നു എന്ന് ബോംബെ ഹൈക്കോടതി
മുംബൈ : കൊല്ലപ്പെട്ട ബദലാപൂർ പീഡനക്കേസ് പ്രതി അക്ഷയ് ഷിൻഡെയുടെ ഏറ്റുമുട്ടലിനെതിരെ പിതാവ് നൽകിയ ഹർജി പരിഗണിച്ച ബോംബെ ഹൈക്കോടതി “ഏറ്റുമുട്ടൽ ഒഴിവാക്കാമായിരുന്നു” എന്ന് വാദം കേൾക്കുന്നതിനിടെ പരാമർശിച്ചു. വെടിയുതിർക്കുന്നതിന് മുമ്പ് എന്തുകൊണ്ട് പ്രതിയെ കീഴടക്കാൻ ശ്രമിച്ചില്ലാ എന്നും നേരിട്ട് അക്ഷയ് ഷിൻഡെയുടെ തലയിൽ വെടിവെച്ചത് എന്തിനാണ് എന്ന ചോദ്യവും കോടതി പോലീസിനോട് ചോദിച്ചു. “ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ശാരീരികമായി ദുർബലനായ ഒരാൾക്ക് വെടിയുതിർക്കാനായി റിവോൾവർ സജ്ജമാക്കുക അത്ര എളുപ്പമല്ല ” വാദത്തിനിടെ ജസ്റ്റിസ് ചവാൻ പബ്ലിക് പ്രോസക്ടറോട് പറഞ്ഞു. കള്ളക്കളിയാണ് നടന്നതെന്നും സംഭവത്തെ “ഏറ്റുമുട്ടൽ” എന്ന് വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞ കോടതി പ്രതിയായ അക്ഷയ് ഷിൻഡെയെ ജയിലിൽ നിന്ന് കൊണ്ടുവന്നത് മുതൽ ആശുപത്രിയിൽ മരിച്ചതായി പ്രഖ്യാപിക്കുന്നതുവരെയുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും കോടതി പോലീസിനോട് നിർദ്ദേശിച്ചു.
ന്യായമായ വിചാരണയ്ക്ക് ശേഷം കോടതിയുടെ വിധി കുടുംബം അംഗീകരിക്കുമെന്ന് ഷിൻഡെയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. പോലീസുകാരൻ്റെ തോക്ക് തട്ടിയെടുത്ത് വെടിയുതിർക്കുകയായിരുന്നു എന്ന പോലീസിൻ്റെ അവകാശവാദത്തെ അംഗീകരിക്കാൻ കഴിയില്ലാ എന്നും പടക്കം പൊട്ടുന്ന ശബ്ദം കേട്ടാൽപോലും ഭയന്നുപോകുന്ന മകന് ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് പിസ്റ്റൾ തട്ടിയെടുത്ത് വെടിവെക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“വിചാരണയ്ക്ക് ശേഷം കോടതി പുറപ്പെടുവിച്ച വിധി കുടുംബം അംഗീകരിക്കും , പക്ഷേ ഞങ്ങൾ പാവങ്ങളാണ്; ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല .അജ്ഞാതമായ മറ്റ് ചില കാരണങ്ങളാലാണ് പോലീസ് തൻ്റെ മകനെ കൊന്നതെന്നും ഷിൻഡെയുടെ പിതാവ് പറഞ്ഞു .ഏറ്റുമുട്ടൽ കൊലയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുകയാണ് . സംസ്ഥാന സിഐഡിയാണ് കേസ് അന്വേഷിക്കുന്നത്.