അവളുടെ കാമുകനാണ് കൊലപ്പെടുത്തിയതെന്നു മഹാലക്ഷ്മിയുടെ ഭർത്താവ്;

0

ബെംഗളൂരു നഗരത്തിലെ അപ്പാർട്ട്‌മെന്റിൽ 29കാരിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഫ്രിഡ്‌ജിനുള്ളിൽ സൂക്ഷിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൊല്ലപ്പെട്ട ബിഹാർ സ്വദേശിനി മഹാലക്ഷ്മിയുടെ ഭർത്താവാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

മഹാലക്ഷ്മിക്ക് അവിഹിതബന്ധം ഉണ്ടായിരുന്നുവെന്നും അവളുടെ കാമുകനാണ് കൊലപ്പെടുത്തിയതെന്നുമാണ് ഭർത്താവ് ഹേമന്ത് ദാസ് പറഞ്ഞത്. മഹാലക്ഷ്മിയുടെ കാമുകനെതിരെ മാസങ്ങൾക്ക് മുൻപ് ബെംഗളൂരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും ഹേമന്ത് ദാസ് വ്യക്തമാക്കി.

‘മാസങ്ങൾക്ക് മുൻപ് ഞാൻ നെലമംഗല പൊലീസ് സ്റ്റേഷനിൽ അവളുടെ കാമുകനെതിരെ പരാതി നൽകിയിരുന്നു. പരാതിയ്ക്ക് ശേഷം അയാളോട് ബെംഗളൂരുവിൽ വരരുതെന്ന് താക്കീത് ചെയ്തതാണ്. പക്ഷേ അവ‌ർ മറ്റെവിടെയാണ് പോയതെന്ന് അറിയില്ല’,- ഹേമന്ത് ദാസ് പറഞ്ഞു. ഉത്തരാഖണ്ഡ് സ്വദേശിയായ അഷ്റഫുമായാണ് മഹാലക്ഷ്മിക്ക് ബന്ധമുണ്ടായിരുന്നതെന്നും ഹേമന്ത് ദാസ് പറയുന്നു.

പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ ബി ദയാനന്ദ് അറിയിച്ചത്. വ്യാളികാവലിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റില്‍നിന്ന് കനത്ത ദുര്‍ഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുര്‍ഗന്ധം വമിക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രദേശത്ത് മാലിന്യങ്ങളുള്ളതിനാല്‍ അതിനുള്ളില്‍ നിന്നാകുമെന്നാണ് നാട്ടുകാര്‍ ആദ്യംകരുതിയത്.

എന്നാല്‍, അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് മനസിലായതോടെ അയല്‍ക്കാര്‍ കെട്ടിട ഉടമയെ വിവരമറിയിച്ചു. ഇതേ കെട്ടിടത്തില്‍ താഴത്തെ നിലയിലായിരുന്നു ഉടമയും താമസിച്ചിരുന്നത്. തുടര്‍ന്ന് കെട്ടിട ഉടമ, സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിധ്യത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഭര്‍ത്താവിനും 4 വയസുള്ള മകള്‍ക്കുമൊപ്പം മറ്റൊരു ഫ്‌ളാറ്റിലാണ് നേരത്തെ മഹാലക്ഷ്മി താമസിച്ചിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞതിന് ശേഷമാണ് പുതിയ അപ്പാര്‍ട്‌മെന്റിലേക്ക് മാറിയത്. ഒറ്റയ്ക്കായിരുന്നു ഇവിടെ താമസം. നഗരത്തിലെ ഒരു മാളില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി അയല്‍ക്കാര്‍ക്ക് അടുപ്പമൊന്നുമുണ്ടായിരുന്നില്ല. സ്ഥിരമായി രാവിലെ ഇരുചക്രവാഹനത്തില്‍ ജോലിസ്ഥലത്തേക്ക് പോയിരുന്ന യുവതി രാത്രി പത്തരയോടെയാണ് ഫ്ളാറ്റില്‍ മടങ്ങിയെത്താറുള്ളത്.

എന്നാല്‍, സെപ്റ്റംബര്‍ 2 മുതല്‍ മഹാലക്ഷ്മിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കൊലപാതകം നടന്നത് ഈ ദിവസമായിരിക്കാമെന്ന് പൊലീസ് കരുതുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച പൊലീസ് വിശദമായി പരിശോധന നടത്തിയിരുന്നു.

2023 ഏപ്രിലിലോ മെയ് മാസത്തിലോ ആണ് ഈ ബന്ധത്തെക്കുറിച്ച് താൻ അറിഞ്ഞുവെന്ന് ഹേമന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഷ്‌റഫിനെക്കുറിച്ച് ചോദിച്ചപ്പോൾ, അഷ്‌റഫ് ഒരു ബാർബർ ഷോപ്പിലാണ് ജോലി ചെയ്യുന്നതെന്ന് ഹേമന്ത് പറഞ്ഞു.

ആറ് വർഷം മുൻപ് വിവാഹിതരായ മഹാലക്ഷ്മിക്കും ഹേമന്തിനും നാല് വയസ്സുള്ള ഒരു മകളുമുണ്ട്. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് 9 മാസമായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു.

“വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടെന്ന് കെട്ടിടത്തിൻ്റെ ഉടമ എന്നെ അറിയിച്ചു. ഞാൻ വന്ന് വാതിൽ തുറന്നപ്പോൾ കണ്ടത് മഹാലക്ഷ്മിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിലായിരുന്നു,” മഹാലക്ഷ്മിയുടെ അമ്മ മീന റാണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“രക്ഷാബന്ധൻ ഉത്സവത്തിലാണ് ഞാൻ അവളെ അവസാനമായി കണ്ടത്. അന്നുമുതൽ അവളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു,” അവർ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *